ഇനി കളി ഒടിടിയിൽ; ‘ദൃശ്യം 3’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കും മുന്‍പേ ദൃശ്യം 3 ഹോം സ്ക്രീനുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. ഇത് സംബന്ധിച്ച് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക പ്രഖ്യാപനവും. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.

പ്രഖ്യാപനത്തിനൊപ്പം ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ട ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും സ്റ്റില്ലുകളിലും ഒരു കൗതുകമുണ്ട്. മോഹന്‍ലാലിന്‍റെ ജോര്‍ജുകുട്ടി ദൃശ്യം രണ്ട്, മൂന്ന് ഭാഗങ്ങളില്‍ താടി വച്ച ഗെറ്റപ്പിലാണ് എത്തിയിരുന്നത്. എന്നാല്‍ പ്രൈം വീഡിയോ പുറത്തുവിട്ട പുതിയ സ്റ്റില്ലുകളില്‍ മോഹന്‍ലാല്‍ കഥാപാത്രം താടി ഷേവ് ചെയ്ത് മീശ മാത്രമാണ് വച്ചിരിക്കുന്നത്. ഒടിടി റിലീസിലൂടെ ചിത്രം വലിയ ആഗോള പ്രേക്ഷകവൃന്ദത്തിലേക്ക് എത്തുകയാണ്. ചിത്രത്തിന് ലോകവ്യാപകമായി മികച്ച റിലീസ് ആണ് ഇക്കുറി തിയറ്ററുകളില്‍ ലഭിച്ചത്. ആശിര്‍വാദ് സിനിമാസുമായി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളായ പെന്‍ സ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും സഹകരിച്ചതിന്‍റെ ഫലം കൂടിയായിരുന്നു ഇത്. 67 രാജ്യങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു.

എന്നാല്‍ പ്രൈം വീഡിയോയിലൂടെ എത്തുന്നതിലൂടെ ഇരുനൂറിലധികം രാജ്യങ്ങളിലെ മലയാളികളോ ഇന്ത്യക്കാരോ അല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം എത്തും. അതേസമയം ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങളുടെയത്ര പോസിറ്റീവ് അഭിപ്രായം ലഭിച്ച ചിത്രമല്ല ദൃശ്യം 3. മറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ അതൊന്നും ബോക്സ് ഓഫീസില്‍ ചിത്രത്തിന് തടസമായില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 237 കോടിയാണ് ചിത്രം ഇതിനകം തന്നെ നേടിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഒരു ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷൻ കൂടിയാണ് ഇത്

Leave a Reply

Your email address will not be published. Required fields are marked *