ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കം; ഇളയരാജക്ക് വീണ്ടും തിരിച്ചടി

ഡല്‍ഹി: ​ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഗീതസംവിധായകന്‍ ഇളയരാജക്ക് വീണ്ടും തിരിച്ചടി. തമിഴിലെ ഹിറ്റ് ഗാനമായ ‘എന്‍ ഇനിയ പൊന്‍നിലാവേ’യുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. വരികളിലോ സൗണ്ട് റെക്കോര്‍ഡിങ്ങിലോ ഇളയരാജക്ക് പകര്‍പ്പവകാശമില്ലെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍, ജസ്റ്റിസ് ഓംപ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധനാ ഹർജി തള്ളിയത്.

1980ല്‍ ഇറങ്ങിയ ‘മൂടു പാനി’ എന്ന ചിത്രത്തിലേതാണ് ‘എന്‍ ഇനിയ പൊന്‍നിലാവേ’ എന്ന ഗാനം. കഴിഞ്ഞ വര്‍ഷം റിലീസായ തമിഴ് ചിത്രം ‘അഗത്തിയ’യില്‍ ഈ ഗാനം പുനഃരാവിഷ്‌കരിച്ചിരുന്നു. ഇതിനെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചത്. മേയ് 21നാണ് ഹർജിയില്‍ ഇളയരാജയുടെ വാദം തള്ളി കോടതി വിധി പറഞ്ഞത്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഗാനത്തിന്റെ വരികളിലോ സൗണ്ട് റെക്കോര്‍ഡിങ്ങിലോ പകര്‍പ്പവകാശം ഉന്നയിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഗാനരംഗങ്ങളുടെ ഉള്‍പ്പെടെ പകര്‍പ്പവകാശം ചിത്രത്തിന്റെ നിര്‍മാതാക്കളായ രാജ സിനി ആര്‍ട്സിനാണ്. അവര്‍ സരിഗമ ഇന്ത്യ ലിമിറ്റഡിന് പകര്‍പ്പവകാശം കൈമാറിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.1980ല്‍ രാജ സിനി ആര്‍ട്സ് നിര്‍മിച്ച് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘മൂടു പാനി’യിലെ ഗാനം ആലപിച്ചത് യേശുദാസാണ്. പ്രതാപ് പോത്തനാണ് ഗാനരംഗത്തില്‍ അഭിനയിച്ചത്. ‘അഗത്തിയ’ക്ക് വേണ്ടി പുനഃസൃഷ്ടിച്ച ട്രാക്ക് രചിച്ചത് യുവാന്‍ ശങ്കര്‍ രാജയാണ്, പാടിയത് വിജയ് യേശുദാസും.

Leave a Reply

Your email address will not be published. Required fields are marked *