ഡിജിറ്റൽ വിദ്യാഭ്യാസം പ്രാഥമികതലം മുതൽ ശക്തിപ്പെടുത്തും: മന്ത്രി എൻ ഷംസുദീൻ

തിരുവനന്തപുരം: ലോകത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുന്ന പുതിയ തലമുറയെ വാർത്തെടുക്കാൻ പ്രാഥമികതലം മുതൽ ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഈ മാതൃകാപരമായ പ്രവർത്തനങ്ങൾ യു.പി., ഹയർ സെക്കൻഡറി തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് റോബോട്ടിക്‌സ് കിറ്റുകൾ വിതരണം ചെയ്ത് ആധുനിക ലാബുകൾ ഒരുക്കും. യു.പി. തലത്തിൽ ഡിജിറ്റൽ സ്‌കൂൾ പദ്ധതിയും സൈബർ സേഫ്റ്റി പ്രോട്ടോക്കോളും നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗോള മത്സരലോകത്തെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികൾക്ക് പ്രാഥമികതലം മുതൽ ഡിജിറ്റൽ വിജ്ഞാനവും സാങ്കേതിക നൈപുണ്യവും ഉറപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തും.

ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി 120 പുതിയ അഡീഷണൽ ബാച്ചുകൾ ആരംഭിക്കും. വിദ്യാർഥികൾക്ക് ആവശ്യമായ പഠനാവസരങ്ങൾ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *