പ്രസവത്തിന് പിന്നാലെ 19 കാരി വലിച്ചെറിഞ്ഞ കുഞ്ഞിനെ CWC ഏറ്റെടുക്കും

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ട് മാസത്തെ പരിപാലനത്തിന് ശേഷം മാതാവിന്റെ മനസ് മാറിയാൽ കുഞ്ഞിനെ വിട്ടു നൽകും. കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ല.

ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് പെൺകുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴി. സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. കടുത്ത വയറു വേദനയെ തുടർന്നായിരുന്നു 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പിന്നാലെ പുലർച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിൽ ആശുപത്രി ജീവനക്കാരാണ് കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ വീണ്ടെടുത്തത്. നവജാതശിതുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരാണ് കുഞ്ഞിന് ഉടൻ തന്നെ ചികിത്സ ഉറപ്പാക്കിയത്. അമ്മയും കുഞ്ഞും വണ്ടാനം മെ‍ഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *