കൊൽക്കത്ത : തൃണമൂൽ നേതാവും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ബംഗാളിൽ വിവാദം ഉടലെടുത്തിരിക്കുകയാണ്. ബംഗാളിലെ ഒരു സ്വകാര്യ ആശുപത്രി സിഇഒയെ മമത ബാനർജി ഭീഷണിപ്പെടുത്തുന്നുവെന്ന പേരിലാണ് ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ചികിത്സ തേടിയ കൊൽക്കത്തയിലെ ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മമത ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. അഭിഷേകിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ ബിജെപി നേതാക്കളും പോലീസും ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തുന്നതായി മമത നേരത്തേ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രി സിഇഒയെ മമത ബാനർജി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നത്.
മമതയുടേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പിൽ രൂക്ഷമായ ഭാഷയിലാണ് അവർ ആശുപത്രി സിഇഒയോട് സംസാരിക്കുന്നത്. ”ക്ഷമിക്കണം മിസ്റ്റർ ടണ്ഡൻ, നിങ്ങൾ ഒരു തെറ്റ് ചെയ്തു. ഞങ്ങൾ നിങ്ങൾക്കായി ചെയ്ത സഹായങ്ങളെല്ലാം ദയവായി ഓർക്കണം. ദൈവം നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണ്. നിങ്ങൾക്ക് നാണമില്ലേ. എല്ലാവരും നിങ്ങളുടെ അഹങ്കാരം ഓർക്കും. ബിജെപിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. എന്നാൽ, നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല. കേന്ദ്രസർക്കാർ ഇല്ലാത്ത ഒരുദിവസം വരും. അന്ന് ഞങ്ങൾ നോക്കിക്കോളാം” എന്നിങ്ങനെയാണ് മമത ബാനർജിയുടേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നത്.
കഴിഞ്ഞ ദിവസം സൗത്ത് 24 പർഗാനയിലെ സോണാർപൂർ ഗ്രാമത്തിൽ വെച്ചാണ് അഭിഷേക് ബാനർജിക്കുനേരെ ആക്രമണം ഉണ്ടായത്. ജനശ്രദ്ധ ഒഴിവാക്കാൻ ഇരുചക്ര വാഹനത്തിലാണ് അഭിഷേക് ഗ്രാമത്തിലേക്ക് എത്തിയത്. എന്നാൽ വഴിയോരങ്ങളിൽ തടിച്ചുകൂടിയ നാട്ടുകാർ അഭിഷേകിന് നേരെ കല്ലുകളും മുട്ടയും ചെരുപ്പും എറിഞ്ഞു. ഉന്തും തള്ളുമുണ്ടായപ്പോൾ അഭിഷേക് ബാനർജിയുടെ ഷർട്ട് കീറുകയും കണ്ണട ഒടിയുകയും ചെയ്തു. അംഗരക്ഷകർ ഇടപെട്ടാണ് അഭിഷേകിനെ രക്ഷപ്പെടുത്തിയത്.
അഭിഷേക് ബാനർജിയെ ആക്രമിച്ചത് ബിജെപി പ്രവർത്തകരാണെന്നാണ് തൃണമൂലിന്റെ ആരോപണം. ആക്രമണം ആസൂത്രിതമാണെന്നും തൃണമൂൽ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അഭിഷേകിനെ പ്രവേശിപ്പിച്ചത്. പിന്നീട് ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, നില ഗുരുതരമായിട്ടും അഭിഷേകിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ ബിജെപിയും പോലീസും ആശുപത്രി അധികൃതരിൽ സമ്മർദം ചെലുത്തിയെന്നാണ് മമത ബാനർജിയുടെ ആരോപണം. ഇതിനുപിന്നാലെയാണ് ആശുപത്രി സിഇഒയെ മമത ഭീഷണിപ്പെടുത്തിയെന്ന പേരിൽ ഓഡിയോ ക്ലിപ്പും പുറത്തുവന്നത്.
