തന്ത്രപ്രധാന ബന്ധം ശക്തമാക്കാൻ ഒമാനും യുകെയും ധാരണയിലെത്തി

മസ്കത്ത്: നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും ഒമാനും യുണൈറ്റഡ് കിങ്ഡവും (യു.കെ) തമ്മിൽ ധാരണയായി. ലണ്ടനിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയും യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറും ഇത് സംബന്ധിച്ച് സംയുക്ത പ്രഖ്യാപനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം വിലയിരുത്തിയ മന്ത്രിമാർ, രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് പ്രതിരോധ നയതന്ത്രത്തിനും സംഭാഷണങ്ങൾക്കും സംഘർഷ ലഘൂകരണ ശ്രമങ്ങൾക്കും മുൻഗണന നൽകണമെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ആഗോള വിതരണ ശൃംഖലകളുടെയും സുഗമമായ മുന്നേറ്റത്തിന് സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും അത്യന്താപേക്ഷിതമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *