ടെൽ അവീവ്: ഇസ്രയേൽ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ വ്യാജമാണെന്നും യാഥാർഥ്യത്തെ വളച്ചൊടിച്ച റിപ്പോർട്ടുകളാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലിനെക്കുറിച്ചും ഇറാനിയൻ മധ്യസ്ഥരെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധികീകരിച്ച പുതിയ വാർത്ത എപ്പോഴത്തെയും പോലെ വ്യാജമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ സാമൂഹികമാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയത്.
യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെട്ടിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നതെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. ഏപ്രിലിൽ ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ച വേളയിലാണ് യുഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിന്റെ പദ്ധതിയെക്കുറിച്ച് ഭയപ്പെട്ടിരുന്നത്.
സമാധാനശ്രമങ്ങൾക്കിടെ ഇറാന്റെ നേതാക്കൾക്ക് നേരേ ഏതെങ്കിലും രീതിയിലുള്ള വധശ്രമമുണ്ടായാൽ അത് കാര്യങ്ങൾ വഷളാക്കുമെന്നും യുദ്ധം രൂക്ഷമാകുമെന്നും യുഎസ് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടായിരുന്നു. അതിനാൽ നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിട്ടേക്കാമെന്ന് മേഖലയിലെ മറ്റുരാജ്യങ്ങൾ വഴി ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തീർത്തും വാസ്തവവിരുദ്ധമാണെന്നാണ് ഇപ്പോൾ ഇസ്രയേൽ പ്രതികരിച്ചിരിക്കുന്നത്.
