തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹ ബുക്കിങ്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ സജ്ജീകരണമൊരുക്കുമെന്നാണ് അറിയിപ്പ്. ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകാൻ യോഗത്തിൽ തീരുമാനമായി.
സമയബന്ധിതമായി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധൂ വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധൂ വരൻ മാരുടെ കുടുംബാംഗങ്ങൾ പരമാവധി നിയന്ത്രിക്കണം.



