ബ്രസീലിന് ആശ്വാസവാർത്ത; റഫീന്യ പരിക്കില്‍ നിന്ന് മുക്തനാകുന്നു

പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി ബ്രസീല്‍ ടീമിന് ആശ്വാസ വാര്‍ത്തയുമായി കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ഫോര്‍വേഡ് താരം റഫീന്യ സുഖംപ്രാപിച്ചുവരികയാണെന്ന് ബ്രസീല്‍ മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി അറിയിച്ചു. ബാഴ്സലോണ വിങ്ങറായ താരം ഇതുവരെ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും പരിക്കില്‍ നിന്ന് അതിവേഗം മുക്തനാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കില്‍ പകരക്കാരുടെ ബെഞ്ചില്‍ നിന്ന് താരത്തെ കളത്തിലിറക്കാന്‍ സാധിക്കുമെന്നും ആഞ്ചലോട്ടി പറഞ്ഞു.

‘റഫീന്യയുടെ കാര്യത്തില്‍ മികച്ച പുരോഗതിയുണ്ട്. അവന്‍ ഇതുവരെ 100% ഫിറ്റ്നസിലേക്ക് എത്തിയിട്ടില്ല, എങ്കിലും ബെഞ്ചിലിരിക്കാനും ഏതാനും മിനിറ്റുകള്‍ കളിക്കാനും അല്ലെങ്കില്‍ കളിയുടെ ചില നിര്‍ണായക നിമിഷങ്ങളില്‍ ടീമിന് ഉപകാരപ്പെടാനും ലഭ്യമാണ്,’ ആഞ്ചലോട്ടി പറഞ്ഞു.താരത്തിന്റെ വേഗത്തിലുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്ത കോച്ച്, ദേശീയ ടീമില്‍ റഫീന്യയുടെ പ്രാധാന്യം എത്രത്തോളമാണെന്നും എടുത്തുപറഞ്ഞു. ‘അവന്‍ വളരെ വേഗത്തില്‍ സുഖം പ്രാപിച്ചു. ഇതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, കാരണം റഫീന്യ ടീമിനെ സംബന്ധിച്ച് വളരെ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്.’ -ആഞ്ചലോട്ടി പറഞ്ഞു.

എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ജപ്പാനെതിരെ 2-1 ന് ബ്രസീല്‍ വിജയിച്ചപ്പോള്‍ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് പക്വേറ്റയുടെ ഈ മത്സരത്തില്‍ ബ്രസീലിന് വേണ്ടി കളിക്കില്ല. പക്വേറ്റയുടെ അസാന്നിധ്യം മധ്യനിരയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാക്കുമെന്നും കളിയുടെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കനുസരിച്ച് പകരക്കാരനെ നിശ്ചയിക്കുമെന്നും ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. ‘ലൂക്കാസ് പക്വേറ്റയുടെ അതേ മികവുള്ള മറ്റൊരു കളിക്കാരന്‍ നിലവില്‍ ടീമില്‍ ഇല്ല. അതിനാല്‍ മറ്റൊരു താരത്തെക്കൊണ്ട് ആ സ്ഥാനം നികത്തേണ്ടതുണ്ട്. കളിക്കാരുടെ സവിശേഷതകള്‍ വ്യത്യസ്തമാണ്. ഡാനിലോയില്‍ നിന്ന് വ്യത്യസ്തനാണ് ഗബ്രിയേല്‍, അദ്ദേഹം മാത്യൂസ് കുന്യയില്‍ നിന്നും എഡേഴ്‌സണില്‍ നിന്നും വ്യത്യസ്തനാണ്,’ ആഞ്ചലോട്ടി പറഞ്ഞു.

ബ്രസീലിന്റെ മത്സര തന്ത്രത്തെയും നോര്‍വെയുടെ കരുത്തിനെയും ആശ്രയിച്ചായിരിക്കും തന്റെ അന്തിമ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ പ്ലാന്‍ അനുസരിച്ചായിരിക്കും ഞാന്‍ കളിക്കാരനെ തിരഞ്ഞെടുക്കുക. തീര്‍ച്ചയായും എതിരാളികളുടെ കരുത്ത് കണക്കിലെടുക്കും, ഒപ്പം മത്സരത്തില്‍ ഞങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശൈലിക്ക് ഏത് കളിക്കാരനാണ് അനുയോജ്യമെന്നും നോക്കും.’ -ആഞ്ചലോട്ടി പ്ലാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *