ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി, 9 വയസ്സുകാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംരക്ഷണ ചുമതലയുള്ള അമ്മയുടെ കൂടെ കഴിഞ്ഞിരുന്ന കുട്ടിയെ ജൂലൈ 7-ന് രാത്രി ഏഴ് മണിയോടെ പഠിക്കുന്നതിനിടെ ചോദ്യങ്ങൾ ചോദിച്ചുവെന്നും, ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാതിരുന്നതിനാൽ ഇടത് കൈമുട്ടിന് മുകളിൽ കൈ കൊണ്ടും, ഇടത് കാലിന്റെ തുടയിൽ വടി കൊണ്ടും അടിച്ചുവെന്നുമാണ് പരാതി.

ഇതുകൂടാതെ, മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പഠിക്കുന്ന സമയത്ത് കഴുത്തിൽ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നുവെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ വകുപ്പുകളും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *