തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ റെഡ് സിഗ്നല്‍. ഡിഎംആര്‍സി റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും നിലവിലെ പ്ലാനില്‍ പദ്ധതി പറ്റില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് എന്നും മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കി. പരിസ്ഥിതി ആഘാതപഠനം ഉള്‍പ്പെടെ സര്‍ക്കാര്‍ വീണ്ടും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അത് പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഡിഎംആര്‍സി റിപ്പോര്‍ട്ട് പൂര്‍ണ്ണമല്ലെന്നാണ് വിദഗ്ധസമിതി വിലയിരുത്തല്‍. കേരളത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവശേഷി, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്താത്തത്, പാരിസ്ഥിതിക സാമൂഹിക പഠനം നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തുടര്‍നടപടികള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. ചരക്കുഗതാഗത സാധ്യത, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വികസിക്കപ്പെടുന്നതുമായ മെട്രോ, തുറമുഖ ഉള്‍നാടന്‍ ജലഗതാഗതവുമായി സംയോജിപ്പിക്കല്‍ എന്നിവ പഠിക്കണമെന്നും നിര്‍ദേശമുള്ളതായി വി ഡി സതീശന് പറഞ്ഞു.
