പ്ലീഡര്‍ നിയമനം: കെഎസ്‌യുവിനെ തഴഞ്ഞ മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവിവാദത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലെ കെഎഎസ്‌യു പ്രതിഷേധത്തെ തള്ളിയ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് പരാതി അറിയിക്കാന്‍ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

പരാമര്‍ശം പിന്‍വലിക്കണമെന്നും പ്ലീഡറായി എസ്എഫ്‌ഐ നേതാവിനെ നിയമിച്ച തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടാന്‍ കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന് എന്തു കാര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വി ഡി സതീശന്റെ പരിഹാസത്തിനെതിരെ കെഎസ്‌യു സംസ്ഥാന ഭാരവാഹികളുള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്.

അതേസമയം കെഎസ്‌യുവിനെതിരായ വിമര്‍ശനത്തില്‍ വി ഡി സതീശനെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. കെഎസ്‌യു നേതാക്കളുടെ നിലപാട് അരോചകമെന്നും കുത്തിത്തിരുപ്പുകളുടെ അംബാസഡര്‍മാരായി മാറുന്നുവെന്നും നിജേഷ് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *