യു.എസ് ബോണ്ടുകളിൽ നിക്ഷേപം ഉയർത്തി സൗദി

റിയാദ്: അമേരിക്കൻ ട്രഷറി സെക്യൂരിറ്റികളിലെ നിക്ഷേപം വീണ്ടും ഉയർത്തി സൗദി അറേബ്യ. കഴിഞ്ഞ മേയ് മാസത്തെ കണക്കുകൾ പ്രകാരം സൗദിയുടെ ബോണ്ട് നിക്ഷേപം മുൻ മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം വർധിച്ച് 140.3 ബില്യൺ ഡോളറിലെത്തി. ഇതോടെ, അമേരിക്കൻ കടപ്പത്രങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ 17ാം സ്ഥാനം നിലനിർത്താൻ സൗദിക്ക് കഴിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ വലിയൊരു മുന്നേറ്റമാണ് രാജ്യം നടത്തിയത്. 2025 മേയിലെ 127.7 ബില്യൺ ഡോളറിൽ നിന്ന് പത്ത് ശതമാനം വർധനവോടെ, ഒരു വർഷത്തിനിടെ 12.6 ബില്യൺ ഡോളറിന്റെ യുഎസ് ബോണ്ടുകളാണ് സൗദി അധികമായി വാങ്ങിക്കൂട്ടിയത്. അതേസമയം, ബോണ്ടുകൾക്കും ബില്ലുകൾക്കുമുള്ള നിക്ഷേപങ്ങൾ മാത്രമാണ് ഈ കണക്കിലുള്ളത്, അമേരിക്കയിലെ മറ്റ് ആസ്തികളോ പണമായുള്ള നിക്ഷേപങ്ങളോ ഇതിൽ ഉൾപ്പെടെുന്നില്ല.

ആഗോളതലത്തിൽ യുഎസ് ബോണ്ടുകളുടെ ആകെ നിക്ഷേപത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയ സമയത്താണ് സൗദി തങ്ങളുടെ വിഹിതം കൂട്ടിയതെന്നത് ശ്രദ്ധേയമാണ്. മേയ് മാസത്തിൽ ആഗോള നിക്ഷേപം 0.8 ശതമാനം കുറഞ്ഞ് 9.02 ട്രില്യൺ ഡോളറിലെത്തി. അമേരിക്കൻ ബോണ്ടുകൾ ഏറ്റവും കൂടുതൽ കൈവശം വെച്ചിരിക്കുന്ന ജപ്പാൻ ഏകദേശം 67 ബില്യൺ ഡോളറിന്റെ ബോണ്ടുകൾ വിറ്റഴിച്ചതാണ് ഇതിന് പ്രധാന കാരണം. നിലവിൽ 1.14 ട്രില്യൺ ഡോളറുമായി ജപ്പാൻ തന്നെയാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിൽ 948.6 ബില്യൺ ഡോളർ നിക്ഷേപവുമായി യുകെ രണ്ടാമതുണ്ട്. യുഎസുമായുള്ള വ്യാപാര തർക്കങ്ങളെത്തുടർന്ന് ചൈന തങ്ങളുടെ ബോണ്ടുകൾ വൻതോതിൽ വിറ്റഴിച്ചതോടെയാണ് യുകെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. നിലവിൽ 693 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി ചൈന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *