തിരുവനന്തപുരം: കേരള വഖഫ് ബോർഡിൽ ഒരു നിയന്ത്രണവുമില്ലാത്തത് സംസ്ഥാന സർക്കാരിനെ കുഴക്കുകയാണ്. കെ.എസ് ഹംസ ചെയർമാനായി മുൻ എൽഡിഎഫ് സർക്കാർ രൂപവത്കരിച്ച നിലവിലെ വഖഫ് ബോർഡിൽ മുസ്ലിം ലീഗിന് പോലും പ്രതിനിധിയില്ല. ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന കഴിഞ്ഞ വർഷത്തെ നിയമഭേദഗതിയാണ് യുഡിഎഫിനെ കുഴക്കുന്നത്. അഞ്ചുവർഷമാണ് ബോർഡ് കാലാവധി. അതിനുള്ളിൽ പിരിച്ചുവിട്ടാൽ കോടതിയിൽ ചോദ്യം ചെയ്യാം.
മുനമ്പം അടക്കം രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള വിഷയങ്ങൾ കത്തിനിൽക്കുമ്പോൾ പ്രതിപക്ഷത്തിന് നിയന്ത്രണമുള്ള വഖഫ് ബോർഡ് തുടരുന്നത് സർക്കാരിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് മുനമ്പം ഭൂമി ‘ഉമീദ് പോർട്ടലിൽ’ ബോർഡ് ഉൾപ്പെടുത്തിയത്. നിയമഭേദഗതിക്ക് മുൻപ് മുസ്ലിങ്ങളായ എം.പി.മാർ, എം.എൽ.എ.മാർ, ബാർ കൗൺസിൽ അംഗങ്ങൾ, മുതവല്ലി എന്നിവരാണ് ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. ബോർഡിലുണ്ടായിരുന്ന രണ്ട് എം.എൽ.എ.മാരും ഒരു എം.പി.യും രണ്ട് മുതവല്ലിയും ലീഗിന്റെ പ്രതിനിധികളാകുന്നതായിരുന്നു പതിവ്.
മുസ്ലിം പണ്ഡിതർ, സ്ത്രീകൾ എന്നിവരെ മാത്രമാണ് നാമനിർദേശം ചെയ്തിരുന്നത്. എന്നാൽ നിയമഭേദഗതിക്ക് ശേഷം അംഗങ്ങളെല്ലാം സർക്കാർ നാമനിർദേശം ചെയ്യുന്നവരാണ്. ബോർഡ് രൂപവത്കരിക്കുന്ന കാലത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിന് അല്ലെങ്കിൽ പാർട്ടിക്കാണ് അംഗങ്ങളുടെമേൽ പൂർണ നിയന്ത്രണം. ഫെബ്രുവരി രണ്ടിന് വഖഫ് ബോർഡ് രൂപവത്കരിച്ചത് നിയമപരമല്ലെന്നും വഖഫ് നിയമം വകുപ്പ് 14 പ്രകാരം പുനഃസംഘടിപ്പിക്കാനുമാണ് സർക്കാർ നീക്കം.
