ഒരേ ആക്ഷൻ, ബോള്‍ റിലീസ് ചെയ്യുന്ന ആംഗിളിലും വ്യത്യാസമില്ല. കൈവേഗം കുറയ്ക്കാതെ തന്നെ പന്തിന്റെ വേഗത വർധിപ്പിച്ചും കുറച്ചും നിയന്ത്രിക്കാൻ കഴിയുന്നു. അതും കണ്‍സിസ്റ്റന്റായി ഒരു ദിവസം മുഴവനും. ഒന്നും സംഭവിക്കുന്നില്ല എന്ന് ബാറ്റർമാരെ തെറ്റിദ്ധരിപ്പിച്ച് വിക്കറ്റിലേക്ക് നയിക്കുന്ന മൈൻഡ് ഗെയിം, ഇന്ത്യയുടെ പുതിയ സ്പിൻ സെൻസേഷൻ മാനവ് സുതാർ.
ടി20 ക്രിക്കറ്റിന്റെ സ്വാധീനത്താല്‍ സ്പിന്നർമാർ പലപരീക്ഷണങ്ങള്‍ക്കും തയാറാകുന്ന കാലഘട്ടത്തിലാണ് ക്ലാസിക്കല്‍ അപ്രോച്ചുമായി എത്തി മാനവ് വ്യത്യസ്തനാകുന്നത്. രവീന്ദ്ര ജഡേജ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്, അക്സർ പട്ടേലിന് ഒരു സ്ഥിരം സ്പിന്നറായി ടീമില്‍ തുടരാനാകുന്നില്ല. കുല്‍ദീപ് യാദവിന്റെ വിക്കറ്റ് ടേക്കിങ് എബിലിറ്റിയേക്കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്. ഗില്‍ കാര്യമായി കുല്‍ദീപിനെ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. ഇവിടെയാണ് മാനവിന്റെ ഇംപാക്റ്റ്.
ഗാലെയില്‍ കേശര നുവാന്തയുടെ പ്രതിരോധത്തെ മറികടന്ന് വിജയം ഉറപ്പിക്കുമ്പോള്‍ ഒരു എവെ ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ നേടുന്ന ഏഴാമത്തെ മാത്രം ഇന്ത്യൻ താരമാകാനും മാനവിനായി. കുബ്ലെയും അശ്വിനും ഹർഭജനുമൊക്കെയുള്ള എലൈറ്റ് ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്, അതും തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റില്‍.



