ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ആസ്റ്റണ്‍ വില്ല മത്സരം അതിന്റെ 52-ാം മിനുറ്റിലേക്ക് കടക്കുകയാണ്. യുണൈറ്റഡ് മുന്നേറ്റ നിരയുടെ വിശ്രമമില്ലാതെയുള്ള ഗോള്‍ ശ്രമങ്ങളെയെല്ലാം തട്ടിയകറ്റി എമി മാര്‍ട്ടിനസ് വില്ലയുടെ വലയ്ക്ക് മുന്നിലുണ്ട്. റെഡ് ഡെവിള്‍സിന് അനുകൂലമായൊരു കോര്‍ണര്‍, ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ബൂട്ടുകളില്‍ നിന്ന് ഉയര്‍ന്നെത്തിയ ആ പന്തിനെ അയാള്‍ പോസ്റ്റിനുള്ളിലേക്ക് തിരിച്ചുവിടുകയാണ്. ഇക്കുറി എമിയുടെ കരങ്ങള്‍ ഭേദിക്കപ്പെട്ടു.
ഗോള്‍ നേടിയ ശേഷം അയാള്‍, കാസെമിറൊ, ട്രാഫോഡിലെ ചുവപ്പ് പുതച്ച ഗ്യാലറിയെ നോക്കി ആഘോഷിക്കുമ്പോള്‍ അവര്‍ പാടി. “One more year, one more year, Casemiro, One more year, one more year. യുണൈറ്റഡിനൊപ്പമുള്ള കാസെമിറോയുടെ അവസാന സീസണായിരിക്കും 25-26 എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയായിരുന്നു ആ മത്സരം. പക്ഷേ, കാസി പടിയിറങ്ങി…
കാസെമിറോയ്ക്ക് പകരമാര് എന്ന അന്വേഷണങ്ങള്‍ യുണൈറ്റഡ് നടത്തുന്നുണ്ടായിരുന്നു അപ്പോള്‍, 2025 മുതല്‍ തന്നെ. പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കിയും മധ്യനിരയിലെ സുപ്രധാന റോളും വഹിക്കാൻ കെല്‍പ്പുള്ള ഒരാള്‍ക്കെ അതിന് കഴിയു. ഒരിക്കല്‍ക്കൂടി ആ പേരിലേക്ക് തന്നെ യുണൈറ്റഡ് എത്തുകയാണ്, കാര്‍ലോസ് ബലേബ. ബ്രൈറ്റണില്‍ നിന്ന് ബലേബയെ ട്രഫോഡിലേക്ക് എത്തിക്കാനൊരുങ്ങുയാണ് യുണൈറ്റഡ്. ആരാധകര്‍ ഒരുപോലെ ചോദിക്കുകയാണ്, കാസിക്ക് പകരമാകുമോ ബലേബയെന്ന്.



