രജനീകാന്ത് നായകനാകുന്ന Jailer 2 എന്ന ചിത്രത്തിന്റെ ട്രെയിലർ തരംഗമാകുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എങ്കിലും ട്രെയിലർ പുറത്തുവന്നതോടെ മലയാളി പ്രേക്ഷകർ കുറച്ചധികം ആവേശത്തിലാണ്. ട്രെയിലറിലെ മോഹൻലാലിന്റെ സാന്നിധ്യമാണ് അതിന് കാരണം.
നിമിഷനേരമേ ഉള്ളൂവെങ്കിലും ട്രെയിലർ മോഹൻലാൽ തൂക്കി എന്നാണ് മലയാളി ആരാധകർ അഭിപ്രായപ്പെടുന്നത്.മാത്യു എന്ന കഥാപാത്രമായാണ് ജയിലർ 2-ൽ മോഹൻലാൽ എത്തുന്നത്. ട്രെയിലറിന്റെ മധ്യഭാഗത്ത് വെറും രണ്ട് സെക്കൻഡ് മാത്രമാണ് മോഹൻലാലിനെ കാണിക്കുന്നത്.
ഇന്നേവരെ കാണാത്ത ലുക്കിലാണ് സംവിധായകൻ നെൽസൺ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം. മാത്യു എന്ന കഥാപാത്രത്തിന്റെ ലുക്കും സ്വാഗുമാണ് ആരാധകരെ ആവേശംകൊള്ളിക്കുന്നത്.
ആദ്യ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് നെൽസൺ രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്ന ജിഷാദ് ഷംസുദ്ദീൻ ജയിലർ 2-ലെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


