തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ ഓണത്തിന് ശേഷം നടക്കും. പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. സെപ്തംബറോടെ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും ആവശ്യമുണ്ട്.
കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഹൈക്കമാന്‍ഡിനെ അഭിപ്രായം അറിയിച്ചിരുന്നു. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളാണ് ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടത്. സര്‍ക്കാരുമായി സഹകരിക്കുന്ന നേതാവിനെ പരിഗണിക്കണമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എ കെ ആന്റണി, വി എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ അടക്കമുള്ളവരുമായി ദീപ ദാസ്മുന്‍ഷി ആശയവിനിമയ നടത്തും. ഓണത്തിന് ശേഷം പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
ഡല്‍ഹിയിലും കേരളത്തിലുമായി കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ സജീവമാണ്. ഇന്നലെയായിരുന്നു രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയാണ് ചെന്നിത്തല കണ്ടത്. എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ സജീവ ചര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്നാണ് ചെന്നിത്തലയുടെ പക്ഷം.
പേരുകളിലേക്ക് ചര്‍ച്ചകള്‍ പോയില്ല എന്ന് പറയുമ്പോഴും ജോസഫ് വാഴയ്ക്കന്റെ പേരാണ് രമേശ് ചെന്നിത്തല അധ്യക്ഷ സ്ഥാനത്തേക്ക് പറയുന്നതെന്നും വിവരമുണ്ട്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, മാത്യുക്കുഴല്‍ നാടന്‍, ആന്റോ ആന്റണി തുടങ്ങിയ പേരുകളും സജീവമായി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.



