ന്യൂഡല്‍ഹി: ഡൽഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ഗണ്‍ ആക്രമത്തിനിരയായ നസാഹില്‍ ലോച്ചാബിന്റെ പരാതിയില്‍ എഫ്ഐആര്‍ ഇട്ട് ഡല്‍ഹി പൊലീസ്. പ്രതികളുടെ പേര് ചേര്‍ക്കാതെയാണ് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. ഇതോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു. നസാഹില്‍ ലോച്ചാബിനെ സ്റ്റേഷനിലേക്ക് വിളിച്ചാണ് പൊലീസ് ചര്‍ച്ച നടത്തിയത്. ഡിസിപിയുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വിദ്യാര്‍ത്ഥിക്കും അമ്മയ്ക്കുമൊപ്പം നീണ്ട അഞ്ച് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമരം നടത്തിയത്. ഒടുവില്‍ കേസ് എടുക്കണമെന്ന ആവശ്യത്തിന് മുന്നില്‍ പൊലീസ് വഴങ്ങുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയിരുന്നു. വിദ്യാര്‍ത്ഥിയായ സാഹില്‍ ലോച്ചാബിനെയും മാതാവിനെയും കൂട്ടിയാണ് രാഹുല്‍ ഗാന്ധി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ സ്റ്റേഷനില്‍ നിന്ന് മാറില്ലെന്ന നിലപാടിലാണ് രാഹുല്‍ ധര്‍ണ്ണ ആരംഭിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഹൈ-പവേര്‍ഡ് എക്സ്പര്‍ട്ട് കമ്മിറ്റി നിലവിലുണ്ടെന്ന് അറിയിച്ചു.
എന്നാല്‍, കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.ജൂലൈ 20ന് ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന സാഹിലിനെ പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് ആക്രമിച്ചതായാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതോടെ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ച അപകടത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡല്‍ഹി പൊലീസ് ഈ ആരോപണം നിഷേധിച്ചു.2010 മുതല്‍ കശ്മീരിലെ പ്രതിഷേധങ്ങളില്‍ പെല്ലറ്റ് ഗണുകളുടെ ഉപയോഗം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് പോലുള്ള വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഈ ആയുധങ്ങള്‍ പ്രതിഷേധ നിയന്ത്രണത്തിനായാണ് വിനിയോഗിക്കുന്നത്. പ്രതിഷേധ സ്ഥലമായ ജന്തര്‍ മന്തറില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് വിന്യസിച്ചിരുന്നെങ്കിലും പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് സിആര്‍പിഎഫ് പ്രതികരിച്ചിട്ടില്ല.



