കൊളംബോ: ഇന്ത്യൻ ടെസ്റ്റ് ടീം തിരിച്ചടികൾ നേരിടുന്നുവെന്ന വിമർശനങ്ങളെ പൂർണമായും തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾക്കും സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്കും ഗംഭീർ മറുപടി നൽകിയത്. ടീം നിലവിൽ ഒരു മാറ്റത്തിന്‍റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്‍റെ പ്രധാന ശ്രദ്ധ കിരീടങ്ങള്‍ നേടുന്നതിൽ മാത്രമാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
പുറത്തുനിന്നുള്ള വിമർശനങ്ങളോ സോഷ്യൽ മീഡിയയിലെ ലൈക്കുകളോ വ്യൂസോ താൻ കാര്യമാക്കുന്നില്ലെന്ന് ഗംഭീർ തുറന്നടിച്ചു. ഐസിസി റാങ്കിംഗിനേക്കാൾ പ്രധാനം കിരീടങ്ങൾ നേടുക എന്നതാണെന്നും, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യ മികച്ച രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. നായകൻ ശുഭ്മാന്‍ ഗില്ലിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ പുതിയൊരു യുവനിര ഉയർന്നുവരുന്നുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു.
വിരാട് കോലി, രോഹിത് ശർമ്മ, ആർ. അശ്വിൻ എന്നിവരുടെ വിരമിക്കലിന് ശേഷം വലിയൊരു തലമുറമാറ്റത്തിലൂടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീം കടന്നുപോകുന്നത്. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവർക്കെതിരായ പരമ്പരകളിലെ തിരിച്ചടികൾ പരിശീലകനെന്ന നിലയിൽ ഗംഭീറിന് മേൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. എന്നാൽ ക്രിക്കറ്റിൽ ഇത്തരം കയറ്റിറക്കങ്ങൾ സ്വാഭാവികമാണെന്നും ഒന്നോ രണ്ടോ മത്സരങ്ങളുടെ പേരിൽ താരങ്ങളെ പുറത്താക്കാതെ അവർക്ക് കൂടുതൽ അവസരങ്ങൾ നൽകി പിന്തുണയ്ക്കുമെന്നും ഗംഭീർ പറഞ്ഞു.



