ടെഹ്റാൻ: അമേരിക്ക-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ ഇന്ന് ഇറാനിലെത്തും. ഇറാനുമായി ചർച്ച നടത്താനാണ് അസീം മുനീർ എത്തുന്നത്. ചർച്ചയിൽ നിർണായക സന്ദേശങ്ങൾ കൈമാറുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ-സൗദി-തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച മക്കാ കരാറിന് ശേഷമുള്ള അസീം മുനീറിന്റെ ആദ്യസന്ദർശനമാണിത്.
അസീം മുനീർ തിങ്കളാഴ്ച ഇറാൻ സന്ദർശിക്കുമെന്നത് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗ്ഹേയ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്ഥാൻ നേരത്തേയും മധ്യസ്ഥത വഹിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അസീം മുനീറിന്റെ സന്ദർശനം.
അതിനിടെ, ഹോർമുസിൽ ഇറാന് പണം നൽകാത്ത കപ്പലുകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ഈടാക്കാൻ കഴിഞ്ഞദിവസമാണ് ഇറാൻ തീരുമാനമെടുത്തത്. ഫീസ് നൽകാത്ത കപ്പലുകൾക്ക് പിഴ ഈടാക്കുമെന്നും കപ്പലുകൾ പിടിച്ചെടുക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.


