കൊച്ചി : സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി സുധീർ ഷോഷിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമ്മൂമ്മയെ സംരക്ഷിക്കുക എന്ന ചുമതല താൻ ഏറ്റെടുത്തെന്ന് തൻവി പറഞ്ഞിരുന്നു. എന്നാൽ മകളുടെ ആരോഗ്യം പരിഗണിച്ച് തങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുന്നത് ആലോചിക്കുകയാണെന്നും അമ്മൂമ്മയെ നോക്കാൻ പുതിയൊരാളെ ജോലിക്ക് വെയ്ക്കുകയുമാണെന്നാണ് തൻവി പുതിയ വീഡിയോയിൽ പറയുന്നത്.
”മൂന്ന് മാസം മാത്രം പ്രായമുള്ള മോൾക്ക് ശരീരമാകെ കടുത്ത അലർജിയും ഇൻഫെക്ഷനും വന്ന് വലിയ ബുദ്ധിമുട്ടിലാണ്. കൊതുകോ വണ്ടോ കടിക്കുന്നത് പോലെ ദേഹം മുഴുവൻ തടിച്ചു വരികയും പസ് പോലെ അസ്വസ്ഥതകൾ ഉണ്ടാകുകയുമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങൾ ഉറക്കമില്ലാതെ കഷ്ടപ്പെടുകയാണ്. പല ആശുപത്രികളിലും മാറിമാറി കാണിച്ചു. മരുന്നുകളും ക്രീമുകളും മാറിമാറി പരീക്ഷിച്ചു. വീട് പരമാവധി വൃത്തിയാക്കിയിട്ടു. പക്ഷേ, ഒരു കുറവുമില്ല. കയ്യിൽ നിന്ന് താഴെ വെക്കാന്പോലും പറ്റാത്തത്ര അവസ്ഥയിലാണ് കുഞ്ഞുള്ളത്.
വീട്ടിലെ അന്തരീക്ഷം തന്നെയാണ് പ്രശ്നമെന്നാണ് ഞാൻ സംശയിക്കുന്നത്. എത്ര വൃത്തിയാക്കിയിട്ടാലും സാധനങ്ങൾ കുറച്ചുദിവസം വെച്ചാൽ തന്നെ പൂപ്പലും ഫംഗസും പിടിക്കുന്ന അവസ്ഥയാണ്. ചിതലിന്റെ ശല്യവുമുണ്ട്. മറ്റാർക്കും ഈ പ്രശ്നമില്ല. പക്ഷേ, ഇത്രയും ചെറിയൊരു കുഞ്ഞിന് ദിവസവും ആന്റിബയോട്ടിക്കും പാരസെറ്റമോളും നൽകേണ്ടി വരുന്നത് ഒരു അമ്മയെന്ന നിലയിൽ എന്നെ മാനസികമായി തളർത്തുന്നുണ്ട്. വീടിന്റെ പ്രശ്നമാണോ എന്ന് ഉറപ്പാക്കാൻ ഞങ്ങൾ രണ്ടു ദിവസം താൽകാലികമായി പുറത്ത് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കുഞ്ഞിന് മാറ്റമുണ്ടെങ്കിൽ, ഉടൻ തന്നെ ഒരു വാടകവീട്ടിലേക്ക് മാറേണ്ടി വരും.



