ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവ് ആണ് പിണറായി വിജയന് എന്നും ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നും ഡി രാജ വിമര്‍ശിച്ചു. സിപിഐയുടേത് വളരെ ന്യായമായ ആവശ്യമാണെന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ പിണറായി വിജയനോട് പറയണം എന്നും ഡി രാജ പറഞ്ഞു.
ഇടത് ഐക്യം രാജ്യത്തിന് നല്‍കുക വലിയ സന്ദേശമാണ്. ആവശ്യമെങ്കില്‍ സിപിഐഎം ജനറല്‍ സെക്രട്ടറിയെ വീണ്ടും കണ്ടേക്കും എന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐഎമ്മിനാണെന്നും ഉപനേതാവിന്റെ പേരുള്ള കത്ത് സ്പീക്കര്‍ക്ക് വൈകാതെ കൈമാറുമെന്നുമായിരുന്നു പിണറായി വിജയന് പറഞ്ഞത്. പിന്നാലെ അത്തരമൊരു പ്രസ്താവന പിണറായി വിജയന് നടത്തിയെങ്കില്‍ അത് അദ്ദേഹത്തിന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്ന് ബിനോയ് വിശ്വം മറുപടി പറഞ്ഞതോടെ മുന്നണിയില്‍ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.
ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ മറുപടി പറയേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം. സിപിഐയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സിപിഐഎം ആലോചന. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പിണറായി വിജയന് തന്നെ മറുപടി പറയട്ടെയെന്നുമാണ് സിപിഐഎം നിലപാട്.



