പാലക്കാട്: ബസ്സിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. പാലക്കാട്ടെ കോട്ടമൈതാനത്ത് നിന്നും ടൗൺ സ്റ്റാൻ്റിലേക്ക് ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗിൽ നിന്നാണ് രണ്ട് പവന്റെ സ്വർണ്ണമാല മോഷ്ടിച്ചത്. മെയ് മാസത്തിലായിരുന്നു സംഭവം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വച്ച് നാല് മാസമായി പ്രതിക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു പൊലീസ്. പ്രതി ഓണത്തിരക്കിൽ ഗോവിന്ദാപുരത്ത് നിന്നും തൃശൂർ ബസിൽ കയറിയ വിവരം ലഭിച്ചു. കൊല്ലങ്കോട് പൊലീസിൻ്റെ സഹായത്തോടെ പാലക്കാട് സൗത്ത് പൊലീസ് പിടികൂടി. സേലം സ്വദേശിയായ ആറായി എന്ന സ്ത്രീയാണ് പിടിയിലായത്.
തിരക്കേറിയ ബസ് റൂട്ടുകളിൽ പോയി സ്ത്രീകളുടെ ബാഗിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ശേഷം ഓട്ടോറിക്ഷകളിൽ രക്ഷപ്പെടും. പിടിയിലായ പ്രതിക്ക് മറ്റ് സ്റ്റേഷൻ പരിധികളിൽ കൂടുതൽ കേസുകളുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ എം ആർ അരുൺ കുമാർ, എസ് ഐ അജാസുദ്ധീൻ, ബാലകൃഷ്ണൻ, എ എസ് ഐ സുഗുണ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, രാജീദ് ആർ, സുബി , ഷാലു കെ എസ്, അജിത്ത് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.



