റിയാദ്: റിയാദിനെ ലോകത്തിലെ മുൻനിര 10 സാങ്കേതിക കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പദ്ധതിക്ക് തുടക്കമായി. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ആഗോളതലത്തിലുള്ള പ്രമുഖ വിവരസാങ്കേതിക വിദഗ്ധരെയും സ്റ്റാർട്ടപ്പ് സംരംഭകരെയും ആകർഷിച്ച്, ഡിജിറ്റൽ മേഖലയിൽ ഊന്നിയുള്ള ശക്തമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് സൗദി ഇതിലൂടെ ലക്ഷ്യമിടുന്നത്.
എഐ, ബിഗ് ഡാറ്റ, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് , ബ്ലോക്ക്‌ചെയിൻ, റോബോട്ടിക്‌സ്, ഡ്രോൺ സാങ്കേതികവിദ്യ എന്നീ ആറ് പ്രധാന മേഖല കേന്ദ്രീകരിച്ചാണ് ഈ പദ്ധതി പ്രവർത്തിക്കുക. പ്രമുഖ അന്താരാഷ്ട്ര ടെക് കമ്പനികൾക്കും ഇടത്തരം സ്ഥാപനങ്ങൾക്കും വേഗത്തിൽ വളരുന്ന നവാഗത സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങളും അത്യാധുനിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. വൻകിട നിക്ഷേപങ്ങൾ എത്തിക്കുന്നതിനൊപ്പം അത്യാധുനിക സേവനങ്ങളും മികച്ച ബിസിനസ് അന്തരീക്ഷവും ഉറപ്പാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.



