ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘ടോക്സിക്കി’നെതിരെ മുന്‍ ബിജെപി നേതാവും ‘അണ്ണാമലൈ മക്കള്‍ ഇയക്കം’ സ്ഥാപകനുമായ കെ അണ്ണാമലൈ രംഗത്ത്. ചിത്രം സ്ത്രീവിരുദ്ധമാണെന്നും സത്രീകളെ ലൈംഗിക ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ചിത്രത്തിന് അനുമതി നല്കിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെയും അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്.
ഫിലിം റെഗുലേഷനില്‍ കര്‍ശനമായ നിയമങ്ങള്‍ വരണമെന്നും നിലവിലുള്ള നിയമങ്ങള്‍ കടുപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. താര നിബിഡമായ ചിത്രം റിലീസ് ആയ ആദ്യ ദിവസം തന്നെ 100 കോടി കളക്ഷന്‍ നേടിയിരുന്നു. പിന്നാലെ സമാന വിമര്‍ശനങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും ഉയരുകയും ചെയ്തു. ചിത്രത്തിന്റെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ച അണ്ണാമലൈ, സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ കുട്ടികള്‍ കണ്ടാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു
‘സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ എല്ലാ നഗരങ്ങളിലും കോളേജുകളിലും പോകാറുണ്ട്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇത്തരം കാര്യങ്ങള്‍ക്ക് അനുമതി നല്കുന്നു. ഈ സിനിമ സ്ത്രീകള്‍ക്ക് അര്‍ഹമായ ബഹുമാനം നല്കുന്നുണ്ടോ? ഇല്ല. സിനിമകളില്‍ പല കാര്യങ്ങളും സംഭവിക്കാറുണ്ട്, അവ നിങ്ങളെ സ്വാധീനിക്കുകയും ചെയ്യും’, അണ്ണാമലൈ പറഞ്ഞു.
‘സമൂഹം പലതും പറഞ്ഞേക്കാം, ചിലപ്പോള്‍ നിങ്ങളെ അംഗീകരിച്ചെന്നു വരില്ല. എന്നാല്‍ എല്ലാവരും നിങ്ങളെ ഉറ്റുനോക്കും എന്നതാണ് പ്രധാനം. എന്റെ പണത്തിനല്ല, മറിച്ച് എന്റെ ജോലിക്കാണ് എനിക്ക് ബഹുമാനം ലഭിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാനും സ്വന്തം ചിന്തകളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനും ഈ സമൂഹത്തില്‍ വിജയിക്കാനും ഓരോ സ്ത്രീക്കും പെണ്‍കുട്ടിക്കും കഴിയുമെന്ന് സംവിധായിക തെളിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, എന്നായിരുന്നു ഹൈദരാബാദില്‍ നടന്ന ‘ടോക്സിക്’ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ യാഷ് പറഞ്ഞത്. സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയും സംവിധായിക ഗീതു മോഹന്‍ദാസിനെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ടായിരുന്നു യാഷിന്റെ പ്രതികരണം. പെണ്‍കുട്ടികളോട് ഈ സിനിമ തിയേറ്ററുകളില്‍ പോയി കാണാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ട്രെയിലറില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി, സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു ഘടകം ഈ സിനിമയിലുണ്ട്. സിനിമ കണ്ട് ആസ്വദിക്കൂ. പെണ്‍കുട്ടികളേ, നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ടപ്പെടും’, എന്നും യാഷ് പറഞ്ഞിരുന്നു.



