ലഖ്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് കോണ്‍ഗ്രസും ബിജെപിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് എംഎല്‍എ ആരാധന മിശ്രയോടൊപ്പമായിരുന്നു കൂടിക്കാഴ്ച. ലഖ്നൗവില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നു. കോണ്‍ഗ്രസും എസ്പിയും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരിക്കെയായിരുന്നു കൂടിക്കാഴ്ച.
കോൺഗ്രസ്-എസ് പി സഖ്യനീക്കത്തിനിടെ യുപിയില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം ലഭിക്കുമെന്നും ബിജെപി-എന്‍ഡിഎ സഖ്യം പിന്നിലാവുമെന്നും ഇന്ത്യ ടുഡേയുടെ ഏറ്റവും പുതിയ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ ഫലം പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിന് 41 സീറ്റും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 38 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
വോട്ട് വിഹിതത്തിലും ഇന്ത്യ സഖ്യത്തിന് 40 ശതമാനം പിന്തുണയാണ് സര്‍വേ പ്രവചിക്കുന്നത്. ജനുവരിയിലെ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 2 ശതമാനത്തിന്റെ കുറവാണ്. അതേസമയം, എന്‍ഡിഎയ്ക്ക് 42 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. ജനുവരിയിലെ പ്രവചനത്തേക്കാള്‍ 5 ശതമാനത്തിന്റെ ഇടിവാണ് എന്‍ഡിഎയ്ക്കുണ്ടായത്.
പുതുമുഖങ്ങളെ രംഗത്ത് ഇറക്കി ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ഭരണം നിലനിർത്താനാണ് ഇത്തവണ ബിജെപിയുടെ നീക്കം. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ജനറല്‍ സെക്രട്ടറിമാരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) പിന്തുണ ഉറപ്പാക്കുന്നതിനായി പാര്‍ട്ടി പുതിയ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യയാണ് എസ്പിക്കെതിരെ രൂക്ഷമായ പരാമര്‍ശവുമായി രംഗത്തെത്തിയത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയുടെ ‘പിണ്ഡദാനം’ നടത്തുമെന്ന് അമര്‍പാല്‍ മൗര്യ പറഞ്ഞു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരടക്കമുള്ള ജനങ്ങള്‍ എസ്പി പ്രവര്‍ത്തകരുടെ ‘ഗുണ്ടാരാജ്’ അവസാനിപ്പിച്ചെന്നും 2022ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദുഷ്ചിന്തകള്‍ ഗംഗയില്‍ ഒഴുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
2014ന് ശേഷം ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായത് യാദവരല്ലാത്ത ഒബിസി വിഭാഗങ്ങളുടെ പിന്തുണയാണ്. വിവിധ പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി ബിജെപിയെ അവതരിപ്പിക്കാനും എസ്പി ഒരു പ്രത്യേക ജാതി വിഭാഗത്തിന്റെ ആധിപത്യമുള്ള പാര്‍ട്ടിയാണെന്ന് ചിത്രീകരിക്കാനും ബിജെപി നിരന്തരം ശ്രമിച്ചുവരികയാണ്.
അതേസമയം, ജാതി സെന്‍സസില്‍ ഒബിസിക്ക് പ്രത്യേക കോളം ഉള്‍പ്പെടുത്താത്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒബിസി, പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചെന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഒബിസി വിഭാഗം ചെയര്‍മാന്‍ അനില്‍ ജയ്ഹിന്ദ് ആരോപിച്ചു. രണ്ടാം ഘട്ട ജാതി സെന്‍സസില്‍ ഒബിസിക്ക് പ്രത്യേക കോളം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അനില്‍ ജയ്ഹിന്ദ് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനത്തിലധികം വരുന്ന ഒബിസി, പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒബിസി വിഭാഗത്തെ വഞ്ചിച്ച ബിജെപിക്കെതിരെ സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്ന് മനോജ് യാദവ് പറഞ്ഞു. ഒബിസിയുടെ അസ്തിത്വം തന്നെ നിഷേധിച്ച് ഭരണഘടന ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അനില്‍ ജയ്ഹിന്ദ് ആരോപിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കകള്‍ കൈകാര്യം ചെയ്തതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിലെ അന്വേഷണവും തെരഞ്ഞെടുപ്പില്‍ നിര്‍ണായക രാഷ്ട്രീയ വിഷയമായി മാറിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ആദ്യഘട്ട അന്വേഷണമായി തുടങ്ങിയ നടപടി പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറി. പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവും പ്രതിപക്ഷ വിമര്‍ശനവും കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി.



