തിരുവനന്തപുരം : ബേപ്പൂരിലെ തോൽവിയിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ. തോൽവിൽ കോൺഗ്രസ് നേതൃത്വത്തിനെതിരായ ആരോപണം ആവർത്തിക്കുന്നതാണ് അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടു കുറഞ്ഞെന്നും എന്നാൽ ഇടത് കോട്ടകളിൽ മുന്നേറ്റമുണ്ടായെന്നുമാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് പ്രവർത്തകരിൽ ചിലർ സഹകരിച്ചില്ല. പോസ്റ്ററുകളും നോട്ടീസുകളും ഉപയോഗിക്കാതെ കൂട്ടിയിട്ടത് കണ്ടെന്നും അൻവർ ആരോപിക്കുന്നുമുണ്ട്. ബേപ്പൂരിൽ ജയിച്ചില്ലെങ്കിലും തന്റെ സ്ഥാനാർഥിത്വം മലബാറിൽ ഗുണം ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പിണറായിസവും മരുമോനിസവും ചർച്ചയായെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ കണക്കുകൾ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നൽകുന്നു. ബേപ്പൂരിൽ പരാജയപ്പെട്ടതോ അതോ പരാജയപ്പെടുത്തിയതോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് താൻ വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ തന്നെ അപകടം ബോധ്യപ്പെട്ടിരുന്നു എന്നും അൻവർ വ്യക്തമാക്കുന്നുണ്ട്.



