ഓഗസ്റ്റ് 29. രാജ്യം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിനെ ഓര്‍ക്കുന്ന ദിവസം; ദേശീയ കായിക ദിനം. ലോക ഹോക്കിയില്‍ ഇന്ത്യ വന്‍ ശക്തിയായിരുന്ന കാലത്ത്, ആ ടീമിന്റെ മാന്ത്രികനായിരുന്നു ധ്യാന്‍ ചന്ദ്. ഒളിമ്പിക്സ് ചരിത്രമെടുത്താല്‍ ഇന്ത്യക്ക് ആദ്യമായി ഗോള്‍ഡന്‍ മേല്‍വിലാസം ഒരുക്കിയത് ധ്യാന്‍ചന്ദിന്റെ ഹോക്കി സംഘമായിരുന്നുവെന്ന് കാണാം. ധ്യാന്‍ചന്ദ് പങ്കെടുത്ത മൂന്ന് ഒളിമ്പിക്സിലും ഇന്ത്യ സ്വര്‍ണമെഡല്‍ നേടുക മാത്രമല്ല, ഹോക്കിയില്‍ ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഇന്ത്യന്‍ ടീം വാഴുകയായിരുന്നു. കരിയറില്‍ അഞ്ഞൂറിലേറെ ഗോളുകള്‍ നേടിയ ധ്യാന്‍ചന്ദ് ഒളിമ്പിക്സില്‍ എതിരാളികളെ നിഷ്പ്രഭമാക്കി.
1928 ആംസ്റ്റര്‍ഡാം ഒളിമ്പിക്സ് ആയിരുന്നു ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ചാമ്പ്യന്മാരായത്. ഫൈനലില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ രണ്ട് ഗോളുകള്‍ ധ്യാന്‍ചന്ദാണ് നേടിയത്്. ടൂര്‍ണമെന്റില്‍ ആകെ അടിച്ചുകൂട്ടിയത് 29 ഗോളുകള്‍. അതില്‍ 14 ഗോളുകളും ധ്യാന്‍ചന്ദിന്റെ മാന്ത്രിക വടിയില്‍ നിന്നായിരുന്നു. ഒളിമ്പിക് ഹോക്കിയിലെ ടോപ് സ്കോറര്‍ സ്ഥാനവും ധ്യാന്‍ചന്ദിന് ലഭിച്ചു.



