തിരുവനന്തപുരം: അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് റൺസിന്റെ വിജയം സ്വന്തമാക്കി ട്രിവാണ്ട്രം റോയൽസ്. കൈവിട്ടെന്ന് കരുതിയ മത്സരം ഡെത്ത് ഓവറുകളിലെ തകർപ്പൻ ബൗളിംഗിലൂടെ അവിശ്വസനീയമായി തിരികെപ്പിടിക്കുകയായിരുന്നു റോയൽസിന്റെ ബൗളർമാർ. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് അഹമ്മദ് ഇമ്രാന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ തിരിച്ചടിച്ചെങ്കിലും 180 റൺസ് മാത്രമാണ് നേടാനായത്. സ്കോര്‍: ട്രിവാൻഡ്രം റോയൽസ് – 20 ഓവറിൽ 185/9. തൃശൂർ ടൈറ്റൻസ് – 20 ഓവറിൽ 180/7
ആദ്യം ബാറ്റ് ചെയ്ത റോയൽസിന് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ കൃഷ്ണപ്രസാദും അഭിഷേക് പി. നായരും ചേർന്ന് 83 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും തകർത്തടിച്ചതോടെ അഞ്ചാം ഓവറിൽത്തന്നെ റോയൽസിന്റെ സ്കോർ അമ്പതിലെത്തി. 27 റൺസെടുത്ത അഭിഷേകിനെ എം.എസ്. അഖിലിന്റെ പന്തിൽ ഷോൺ റോജർ ക്യാച്ചെടുത്തതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. തുടർന്നെത്തിയ വിഷ്ണു വിനോദ് 11 റൺസുമായി മടങ്ങി. എന്നാൽ മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്ന കൃഷ്ണപ്രസാദ് മടങ്ങിയത് റോയൽസിന് തിരിച്ചടിയായി. മുഹമ്മദ് ഇനാന്റെ പന്തിൽ ബൗണ്ടറി ലൈനിന് അരികെ ഷോൺ റോജർ എടുത്ത വിസ്മയിപ്പിക്കുന്ന ക്യാച്ചിലാണ് കൃഷ്ണപ്രസാദ് പുറത്തായത്. 44 പന്തുകളിൽ 62 റൺസാണ് കൃഷ്ണപ്രസാദ് നേടിയത്.



