മനാമ: കഠിനമായ ചൂട് അനുഭവപ്പെടുന്ന മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുമായി സഹകരിച്ചുകൊണ്ട്, സിത്രയിലെ ഒരു തൊഴിലിടത്തിൽ ഐ.സി.ആർ.എഫ് ബഹ്റൈൻ കുപ്പിവെള്ളം, ജ്യൂസ്, ലാബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. പരിപാടിയിൽ 500-ലധികം തൊഴിലാളികൾ പങ്കെടുത്തു. തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധിയും ‘ഹെഡ് ഓഫ് വർക്കേഴ്സ്’ വിഭാഗം മേധാവിയുമായ എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു.
‘തേഴ്സ്റ്റ് ക്വെഞ്ചേഴ്സ്’ വേനൽക്കാല ബോധവൽക്കരണ പരിപാടിയിലൂടെ, തൽക്ഷണ ആശ്വാസം നൽകുന്നതിനൊപ്പം, വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിന്റെയും മതിയായ വിശ്രമത്തിന്റെയും മറ്റ് ആരോഗ്യ-സുരക്ഷാ മുൻകരുതലുകളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ് വ്യക്തമാക്കി.



