ന്യൂഡൽഹി: അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയെന്നത് കൊണ്ടുമാത്രം വിദ്യാർഥികളെ ഭീഷണിപ്പെടുത്താനോ ശിക്ഷാനടപടികൾക്ക് വിധേയരാക്കാനോ പാടില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ പൗരത്വത്തിന്റെ കാതൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ എൽഎൽഎം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ.
‘ജനാധിപത്യത്തിൽ, ചോദ്യം ചെയ്യാനുള്ള അവകാശം എന്നത് ധിക്കാരപൂർണമായ സംഗതിയല്ല. അത് പൗരത്വം, സ്വാതന്ത്ര്യം, ഭരണഘടനാപരമായ ഉത്തരവാദിത്വം എന്നിവയുടെ അനിവാര്യമായ പ്രകടിപ്പിക്കലാണ്. അതുകൊണ്ട്, വിദ്യാർഥികൾ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുമ്പോഴോ അവരെ ഭീഷണിപ്പെടുത്താൻ കഴിയില്ല. അവരെ ശിക്ഷാനടപടികൾ കാണിച്ച് ഭയപ്പെടുത്താനാകില്ല. അത് ഭരണഘടനാവിരുദ്ധമാണ്. അത് അധികാരത്തിന്റെയും പദവിയുടെയും ദുർവിനിയോഗമാണ്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വ്യക്തമാക്കി.



