ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി കൂടുതല്‍ എസ്400 ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ നല്കാന് റഷ്യ. അഞ്ച് എസ്400 ‘ട്രയംഫ്’ യൂണിറ്റുകള്‍ കൂടിയാണ് ഇന്ത്യ വാങ്ങുക. ഓപ്പറേഷന് സിന്ദൂറിൻ്റെ സമയത്ത് ഇന്ത്യന്‍ സേന ഉപയോഗിച്ച എസ്400 സംവിധാനം അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പാകിസ്താനിൽ നിന്നുണ്ടായ വിവിധ വ്യോമഭീഷണികളെ വിജയകരമായി തടയുന്നതില്‍ ഈ മിസൈല്‍ സംവിധാനം നിര്‍ണായക പങ്കുവഹിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പുതിയ എസ്400 കരാറുമായി ബന്ധപ്പെട്ട റഷ്യന്‍ നീക്കം ഉണ്ടായത്.
പ്രതിരോധം, ഊര്‍ജം ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.റഡാറുകളും മിസൈലുകളും ഉള്‍പ്പെടുന്ന എസ്400 സംവിധാനത്തിന് 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. ശത്രുവിമാനങ്ങള്‍ സ്വന്തം വ്യോമപരിധിയില്‍ പോലും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നത് തടയാന്‍ ഈ സംവിധാനം സഹായിക്കും. ഓപ്പറേഷന് സിന്ദൂറിനിടെ എസ്400 ഏകദേശം 314 കിലോമീറ്റര്‍ ദൂരത്തില്‍ പാകിസ്ഥാന് വ്യോമസേനയുടെ നിരീക്ഷണ വിമാനം തകര്‍ത്തതായി വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്ര നേരത്തെ പറഞ്ഞിരുന്നു. ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്കുള്ള മിസൈല്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദൂരമേറിയ ആക്രമണങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2018ല്‍ ഒപ്പുവെച്ച ആദ്യ കരാറിന്റെ ഭാഗമായി ഇന്ത്യക്ക് അഞ്ച് എസ്400 യൂണിറ്റുകളാണ് ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ നാല് യൂണിറ്റുകള്‍ ഇതിനകം ഇന്ത്യയിലെത്തി. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് നവംബറോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെയാണ് ഇപ്പോൾ പുതിയ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ ധാരണയായിരിക്കുന്നത്.പുതിയ കരാര്‍ ഒപ്പുവെച്ചാല്‍ അതിന്റെ ഭാഗമായുള്ള എസ്400 സംവിധാനങ്ങളുടെ വിതരണം ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം ആരംഭിക്കാനാണ് സാധ്യത. ഓപ്പറേഷന് സിന്ദൂറിലെ പ്രകടനം വിലയിരുത്തിയ ശേഷമാണ് അഞ്ച് എസ്400 സ്ക്വാഡ്രണുകള്‍ കൂടി സ്വന്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, എസ്400ന് പുറമെ എസ്500 പ്രൊമിത്യൂസ്, സുഖോയ്-57ഇ സ്റ്റെല്‍ത്ത് യുദ്ധവിമാനം, കാലിബര്‍ ക്രൂയിസ് മിസൈല്‍ ശേഷിയുള്ള കിലോ ക്ലാസ് അന്തര്‍വാഹിനി, വൊറോനെജ് തന്ത്രപ്രധാന മുന്നറിയിപ്പ് റഡാര്‍, സൂപ്പര്‍ സുഖോയ്-30 നവീകരണ പദ്ധതി തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയുമായുള്ള ഭാവി സഹകരണത്തിന്റെ ഭാഗമായി റഷ്യ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.



