ന്യൂഡൽഹി: കേരള ഹൗസിലെ നിയമഓഫീസിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് പരാതി. ദില്ലി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി തിലക് മാർഗ് പോലീസിലാണ് പരാതി നൽകിയത്. സ്ഥലംമാറ്റ ഉത്തരവ് നൽകിയ മുൻ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിക്കുകയും അറ്റൻഡൻസ് രജിസ്റ്റർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ എടുത്തുകൊണ്ടുപോയെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം അഞ്ചിന് ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെ ഇന്നലെ അനുമതിയില്ലാതെ ഓഫീസിലെത്തിയതെന്നാണ് പരാതി. ചില ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറാൻ ഗ്രാൻസി ആവശ്യപ്പെട്ടെങ്കിലും, റസിഡൻ്റ് കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ നിർദേശത്തെ തുടർന്ന് അവ കൈമാറിയില്ലെന്നും പരാതിയിൽ പറയുന്നു. ബലം പ്രയോഗിച്ച് ഓഫീസിൽ കയറി, തനിക്കും കുടുംബത്തിനും വധഭീഷണി മുഴക്കിയെന്നും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും കാർക്കിച്ച് തുപ്പിയെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളും പൊലീസിന് നൽകിയ പരാതിയിലുണ്ട്.
എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും ഡെപ്യൂട്ടി സെക്രട്ടറി ജോലിയിൽ അടക്കം വീഴ്ച്ച വരുത്തിയതിന് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിലുള്ള പകപ്പോക്കലാണെന്നാണ് ആരോപണവിധേയായ ഗ്രാൻസിയുടെ വിശദീകരണം. രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം ഏതായാലും പൊലീസ് പരാതിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. വിഷയത്തിൽ കേരള ഹൌസ് അധികൃതർ അടക്കം ഇടപെടൽ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ കീഴിലുള്ളതാണ് നിയമവകുപ്പ്. സുപ്രീംകോടതിയിലടക്കം കേരളത്തിൻ്റെ കേസ് രേഖകൾ ഉൾപ്പെടെ സൂക്ഷിക്കുന്ന സ്ഥലമാണ് ദില്ലിയിലെ ലോ ഓഫീസ്.സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാനമായ ഓഫീസിലെ ഈ തർക്കത്തിൽ സർക്കാർ നിലപാട് നിർണ്ണായകമാകും



