കൊച്ചി: ഗർഭസ്ഥശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റർ മെഡ്സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിപുലമായ പ്രസവപൂർവ്വ രോഗനിർണയം, ഗർഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്ക് അത്യന്താപേക്ഷിതമായ ഫീറ്റൽ സ്കാനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ‘ജനനീയം – സൗജന്യ ഫീറ്റൽ സ്കാൻ’ പദ്ധതിയുടെ ഡിജിറ്റൽ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു.
“സ്വകാര്യ ആശുപത്രികളിൽ വിജയകരമായി നടക്കുന്ന നല്ല പദ്ധതികൾ സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കും. ആസ്റ്റർ മെഡ്സിറ്റിയിലെ സെന്റർ ഫോർ ഫീറ്റൽ മെഡിസിനിൽ തുടക്കം കുറിച്ച ‘ജനനീയം’ പദ്ധതി അത്തരത്തിൽ ഒന്നാണ്. ഭാവിയിൽ, അമ്മമാർക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള അവസരം ഒരുക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് വലിയൊരു നേട്ടമാണ് കൈവരിക്കുന്നത്,” ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തൃശൂരിൽ അച്ഛൻ വിഷം നൽകിയ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിയ ആസ്റ്റർ മെഡ്സിറ്റിയോട് മന്ത്രി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.



