തിരുവനന്തപുരം: സർവ്വകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയത് മുൻ പിണറായി സർക്കാർ. ഇക്കാര്യം വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നു. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വി.സിമാരെ ഇരുവിഭാഗവും യോജിപ്പോടെ നിയമിച്ചതിനെ സുപ്രീം കോടതി പ്രകീർത്തിച്ചിരുന്നു.
വി.സി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പ് കരാറുണ്ടാക്കിയത് ഇപ്പോഴത്തെ വി.ഡി സതീശൻ സർക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ്, ധാരണ ഉണ്ടായത് പിണറായി സർക്കാരിന്റെ കാലത്താണെന്ന് തെളിയിക്കുന്ന സുപ്രീം കോടതി ഉത്തരവ് പുറത്തുവരുന്നത്. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, ഓഗസ്റ്റ് 17-നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും ഗവർണറുടെ സെക്രട്ടറിയറ്റും തമ്മിൽ ധാരണാപത്രം ഒപ്പിട്ടത്.
മുൻ പിണറായി സർക്കാരിന്റെ കാലത്തെ കേസ് അവസാനിപ്പിക്കുന്നതിനാണ് ഈ ധാരണാപത്രം ഒപ്പിട്ടത്. ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വി.സിയായി നിയമിച്ചതിനെതിരെ മുൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ച് നിയമനം റദ്ദാക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഗവർണർ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ഈ കേസ് നിയമപരമായി അവസാനിപ്പിക്കുന്നതിനായാണ് നിലവിലെ സർക്കാർ ഇപ്പോൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.



