വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്‌ട്രെയിറ്റ്’ എന്നാക്കി മാറ്റണോ എന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. തന്ത്രപ്രധാനമായ ജലപാത ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപിന്റെ പുതിയ നിര്‍ദേശം.’ഇപ്പോള്‍ ഹോര്‍മുസ് അമേരിക്കയുടെ നിയന്ത്രണത്തിലായതിനാല്‍, പേര് ട്രംപ് സ്‌ട്രെയിറ്റ് എന്നാക്കി മാറ്റണോ?’ എന്നായിരുന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ചോദിച്ചത്. അമേരിക്കയെപ്പോലെ തന്നെ പുതിയ പേര് കൂടുതല്‍ ‘ഹോട്ട്’ ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 28ന് വൈറ്റ് ഹൗസും അമേരിക്കന്‍ സേന ഈ ജലപാതയുടെ നിയന്ത്രണം ഏറ്റെടുത്തതായി പറഞ്ഞിരുന്നു. ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്തതും, ഏകദേശം 1,500 വാണിജ്യ കപ്പലുകള്‍ക്ക് അമേരിക്കന്‍ സംരക്ഷണത്തില്‍ കടന്നുപോകാന്‍ സാധിച്ചതും, അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ച കപ്പലുകളുടെ ഗതി തിരിച്ചുവിട്ടതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. സെപ്റ്റംബര്‍ 1ന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്കന്‍ സേന ആക്രമണം നടത്തിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചു.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, സമുദ്ര ആസ്തികള്‍, മൈന്‍ സ്ഥാപിക്കുന്നതിനുള്ള ശേഷി, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ആക്രമണത്തില്‍ ലക്ഷ്യമിട്ടതായി സെന്റ്‌കോം വ്യക്തമാക്കി.ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെ അമേരിക്ക നാവിക ഉപരോധവും തുടരുകയാണ്. ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ സമുദ്ര ഗതാഗതത്തെ ഉപരോധം ലക്ഷ്യമിടുമെന്ന് സെന്റ്‌കോം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക്, ആഗോള വാണിജ്യ കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ വിതരണത്തിനും നിര്‍ണായകമായ ജലപാതയായതിനാല്‍ നിലവിലെ അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിലെ പ്രധാന സംഘര്‍ഷ കേന്ദ്രമായി മാറിയിരിക്കുകയാണ്.



