ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 4ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണ് ജിഎസ്എൽവിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം രാത്രി 11:25നാണ് തുടക്കമായത്. ഇഒഎസ് 5 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രത്തെ വിക്ഷേപിക്കാൻ നടന്ന ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് പുത്തൻ പേടകം.



