ഡൽഹി : ദില്ലി-ദമാം എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്റേയും ഒരു യാത്രക്കാരന്റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ഹൈദരാബാദിൽ ലാൻഡ് ചെയ്തത്.
സംശയകരമായ പേപ്പർ കണ്ടയുടൻ കാബിൻ ക്രൂ വിവരം പൈലറ്റിനെ അറിയിക്കുകയും എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. ലാന്റിംഗിന് പിന്നാലെ വിമാനം പ്രധാന ടെർമിനലിൽ നിന്ന് അകലെയുള്ള ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയിരുന്നില്ല.



