റിയാദ്: രാജ്യത്തെ ആദ്യ ദേശീയ മാലിന്യ സംസ്കരണ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി യോഗ്യതയുള്ള കമ്പനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ, എൻവയോൺമെന്റ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 11 വർഷത്തേക്കാണ് പദ്ധതിയുടെ കരാർ കാലാവധി നൽകുന്നത്. 7 പ്രധാന ബിസിനസ് ആപ്ലിക്കേഷനുകളും 37 ഡിജിറ്റൽ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ സമഗ്ര ദേശീയ പ്ലാറ്റ്‌ഫോം. വിവരസാങ്കേതികവിദ്യ, പരിസ്ഥിതി സേവനങ്ങൾ, ഉപദേശം, ടെലികോം, നിക്ഷേപം എന്നീ മേഖലകളിലെ പ്രമുഖ പ്രാദേശിക-അന്തർദേശീയ കമ്പനികൾ പദ്ധതിയിൽ വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണ രംഗത്തെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഈ ദേശീയ പ്ലാറ്റ്‌ഫോം വഴിയൊരുക്കും.



