ദുബൈ: ദുബൈയിൽ അപകടകരമായും അമിത വേഗതയിലും ഇ- സ്കൂട്ടറുകൾ ഓടിക്കുന്നവർക്കെതിരെ നടപടിയുമായി പൊലീസ്. ദുബൈയിലെ പൊതുനിരത്തുകളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിനോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി. അനുമതിയുള്ള റൂട്ടുകളിൽ ഇ-സ്കൂട്ടറുകളുടെ പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്ററാണ്. അമിത വേഗത്തിലും അപകടകരമായ രീതിയിലും വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഈ വർഷം ഇതുവരെ 13,657 ഇ-സ്കൂട്ടറുകളാണ് പൊലീസ് പിടിച്ചെടുത്തത്.
അപകടങ്ങൾ കുറയ്ക്കുകയും മരണങ്ങളും ഗുരുതര പരുക്കുകളും തടയുന്നതിന്‍റെ ഭാഗമായാണ് നടപടി ശക്തമാക്കിയത്. നടപ്പാതകളിലും മാർക്കറ്റുകളിലുമുള്ള ഇ- സ്കൂട്ടർ യാത്ര, റോഡ് മുറിച്ചുകടക്കുമ്പോൾ അപകടകരമായ രീതിയിൽ സഞ്ചരിക്കുക, വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചുള്ള റൈഡിങ്, അനുമതിയില്ലാത്ത മേഖലകളിലെ റൈഡിങ് തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പട്രോളിങ് സംഘം നടപടിയെടുക്കും. ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്നും നിർദിഷ്ട വസ്ത്രം ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സിഗ്നലുകളും റോഡ് അടയാളങ്ങളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.



