ചെന്നൈ: കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെങ്കിലും, ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനായുള്ള മുഹമ്മദ് ഷമിയുടെ ആഗ്രഹവും പോരാട്ടവീര്യവും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഇഷാന് കിഷന്. ദുലീപ് ട്രോഫി സെമിഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത് ഈസ്റ്റ് സോണിനെ 13 വര്‍ഷത്തിന് ശേഷം ഫൈനലില്‍ എത്തിക്കുന്നതില്‍ ഷമി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. നിലവില്‍ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റനാണ് കിഷന്.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇഷാന് കിഷന് ഷമിയുടെ പ്രകടനത്തെയും ആത്മവിശ്വാസത്തേയും കുറിച്ച് വ്യക്തമാക്കിയത്. ”അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. താന്‍ കളി തുടങ്ങിയ നാള് മുതല്‍ ബംഗാളിനായും ഇന്ത്യന്‍ ടീമിനായും താരം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പ്രായമൊക്കെ വെറുമൊരു സംഖ്യ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ പ്രായം ഒരു പ്രശ്നമേയല്ല.” ഇഷാന് കിഷന് പറഞ്ഞു.
തന്റെ കരിയറിനോട് ഷമി ആത്മാര്‍ത്ഥത വലുതാണെന്നും, കൂടുതല്‍ ഓവറുകള്‍ എറിയാന്‍ അദ്ദേഹം സ്വയം മുന്നോട്ടുവരുന്നത് ക്യാപ്റ്റന്‍ എന്ന നിലയില്‍ തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയെന്നും ഇഷാന് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദൂരെയാണെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ പോലും അതേ തീവ്രതയോടെ കളിക്കാന്‍ ഷമിക്ക് കഴിയുന്നുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും കിഷന് വ്യക്തമാക്കി.



