ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ സീനിയര്‍ താരം കെ എല്‍ രാഹുല്‍ കളിക്കില്ല. ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ചെന്നൈയില്‍ നടക്കാനിരിക്കെ, സൗത്ത് സോണ്‍ നായകന് തിലക് വര്‍മയാണ് രാഹുലിന്റെ അസാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, ഈസ്റ്റ് സോണ്‍ നായകന് ഇഷാന് കിഷന് ടീമിന്റെ പൂര്‍ണ കരുത്ത് ഫൈനലിലുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഇടംനേടിയ ഇഷാന് കിഷന്, വൈഭവ് സൂര്യവംശി, തിലക് വര്‍മ എന്നിവരുടെ ദുലീപ് ട്രോഫി ഫൈനലിലെ പങ്കാളിത്തം സംബന്ധിച്ച് നേരത്തെ അവ്യക്തത നിലനിന്നിരുന്നു. ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെയും ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും അനുമതി ലഭിച്ചതിന് ശേഷമാണ് ഈ താരങ്ങള്‍ ഫൈനലിനായി എത്തിയത്.
ശക്തമായ പ്രകടനത്തോടെയാണ് ഇരു ടീമുകളും ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ദുലീപ് ട്രോഫി ഫൈനല്‍ വീക്ഷിക്കാന്‍ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ചെന്നൈയിലെത്തും. ബിസിസിഐയുമായുള്ള അഗാര്‍ക്കറിന്റെ നിലവിലെ കരാര്‍ ഒക്ടോബര്‍ 4ന് അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഈ സന്ദര്‍ശനം. ചെന്നൈയില്‍ വെച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുമായി അദ്ദേഹത്തിന്റെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് സൂചന.



