ന്യൂഡല്‍ഹി: ഡല്‍ഹി സത്യ നികേതനില്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര് മരിക്കാനിടയായ സംഭവത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഉടമ ഹരിറാം ബന്‍സാലിനെ പിടികൂടിയത്. ഇയാളെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. അപകടമുണ്ടായി 25 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രാദേശിക ജില്ല പൊലീസ്, സ്പെഷ്യല്‍ സ്റ്റാഫ്, മറ്റ് ഓപ്പറേഷന് യൂണിറ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹരിറാമിനായി വലവിരിച്ചത്. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആണ്‍കുട്ടികള്‍ക്കുള്ള പിജിയായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ ഡേയ്സ് എന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്. അപകടത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും 12 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം കെട്ടിട ഉടമ വര്‍ഷങ്ങളായി ഗുരുഗ്രാമിലാണ് താമസിക്കുന്നതെന്നും അവിടെ ഇയാളുടെ ഉടമസ്ഥതയില്‍ നിരവധി കെട്ടിടങ്ങളുണ്ടെന്നും അയല്‍വാസിയായ സി പി ശര്‍മ പറയുന്നു. സ്വന്തമായി ഇയാള്‍ക്ക് ഒരു ഹാര്ഡ്വെയര് ഷോപ്പും ഉണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ സ്വത്തുക്കളുണ്ടോ എന്ന വിവരം അറിയില്ല. ഗുരുഗ്രാമില്‍ അഞ്ചോളം പ്രോപ്പര്‍ട്ടി ഇയാളുടെ പേരിലുണ്ടെന്നും അയല്‍വാസി പറയുന്നു.



