തിരുവനന്തപുരം: മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്തും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും തമ്മിൽ ഉടക്കോ? കഴിഞ്ഞ ദിവസം നടന്ന കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ പോരാട്ടത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിലെ വിഡിയോയാണ് ആരാധകരിൽ ഈ ചോദ്യം ഉയർത്തിയത്.
ചടങ്ങിനായി വേദിയിലെത്തിയ ശ്രീശാന്ത് അവിടെ നിന്ന എല്ലാവരുടേയും അരികിലെത്തി ഹസ്തദാനം ചെയ്യുന്നുണ്ട്. എന്നാൽ സഞ്ജു സാംസണിനു മാത്രം ശ്രീശാന്ത് കൈ കൊടുക്കുന്നില്ല. ശ്രീശാന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ അവിടെ സഞ്ജു നിൽക്കുന്നുണ്ടായിരുന്നു. രണ്ട് കൈകളും പിന്നിൽ കെട്ടി നിൽക്കുകയായിരുന്നു സഞ്ജു. വേദിയിലേക്ക് വന്ന ശ്രീശാന്ത് സഞ്ജുവിനെ മൈൻഡ് ചെയ്യാതെ കടന്നു പോയി അതിനു ശേഷം നിന്നവർക്കെല്ലാം കൈ കൊടുത്തു. സഞ്ജുവും തിരിച്ച് വലിയ മൈൻഡ് ചെയ്യാതെ നിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.
ഇരുവരും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളോ പ്രശ്നങ്ങളോ ഉണ്ടോ എന്ന ചോദ്യമാണ് ആരാധകർ ദൃശ്യങ്ങൾ കണ്ട് ചോദിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ശ്രീശാന്തോ സഞ്ജുവോ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സഞ്ജു കെസിഎൽ കളിച്ചിരുന്നു. സഞ്ജുവിന്റെ ചേട്ടൻ സാലി സാംസണാണ് കഴിഞ്ഞ സീസണിലും ഈ സീസണിലും ടീമിനെ നയിച്ചത്. കഴിഞ്ഞ തവണ കിരീടം നേടിയ കൊച്ചിക്ക് പക്ഷേ ഇത്തവണ മികവ് പുലർത്താൻ സാധിച്ചില്ല.
തൃശൂർ ടൈറ്റൻസാണ് ഇത്തവണ കെസിഎൽ കിരീടം സ്വന്തമാക്കിയത്. അവരുടെ കന്നി ലീഗ് കിരീടമാണിത്. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തിയാണ് തൃശൂർ ടൈറ്റൻസ് കിരീടം സ്വന്തമാക്കിയത്.



