തിരുവനന്തപുരം: അർജന്‍റീന ടീമും നായകനായിരുന്ന ലിയോണൽ മെസിയും കേരളത്തിലെത്തുമെന്ന പേരിലെ നികുതി തട്ടിപ്പിൽ ജി എസ് ടി വകുപ്പിന്‍റെ പ്രത്യേക അന്വേഷണസംഘം ഇന്ന് അനുബന്ധ റിപ്പോർട്ട് നൽകും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 22.68 കോടി രൂപ ജി എസ് ടി അടയ്ക്കാതിരുന്നതിലാണ് അന്വേഷണം. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 19 ന് സംഘം ആദ്യ റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ എടുത്തിട്ടില്ല. സ്പോൺസറുടെ അക്കൗണ്ടിലേക്ക് കോടികൾ നിക്ഷേപിച്ച രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോട് വിശദീകരണം തേടിയിരുന്നു. ഇതിന്‍റെ വിവരങ്ങളും ഉദ്യോഗസ്ഥ വീഴ്ചയിലെ കൂടുതൽ തെളിവുകളും ഉൾപ്പെടുത്തിയുള്ളതാണ് അനുബന്ധ റിപ്പോർട്ടെന്നാണ് വിവരം.
അതേസമയം മെസിയുടെ കേരള സന്ദര്‍ശനത്തിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കിയതിലും കള്ളക്കളിയെന്ന കണ്ടെത്തൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചും ഡി പി ആര്‍ തയ്യറാക്കി സ്പോണ്‍സര്‍ക്ക് കൊള്ളലാഭം കൊയ്യാൻ വഴിയൊരുക്കിയെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിൽ പറയുന്നത്. തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്ന എസ് ഐ ടി സംഘത്തിലെ അംഗം ഐ ജി സതീഷ് ബിനോ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിൽ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു.
മെസ്സിയുടെ പേരിൽ നടന്നത് വളരെ ആസൂത്രിത തട്ടിപ്പെന്ന് തെളിയിക്കുകയാണ് എൻ പ്രശാന്തിന്‍റെ ഈ റിപ്പോർട്ട്. ഡി പി ആര്‍ തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ ഇതിനുള്ള ചരടുവലികളും തുടങ്ങിയെന്ന് തെളിവുകള്‍ സഹിതം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മെസിയുടെ രണ്ട് മൽസരങ്ങളുടെ ഡി പി ആര്‍ തയ്യാറാക്കിയത് കായിക വകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കൊള്ള ലാഭം ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ് ഈ ഡി പി ആർ. രണ്ട് മല്‍സരങ്ങളിൽ നിന്നുള്ള വരുമാനം 82 കോടി രൂപ മാത്രമായിരിക്കുമെന്നാണ് കാട്ടിയിട്ടുള്ളത്. ചെലവാകട്ടെ 210 കോടി രൂപയും. കമ്മിയുള്ള 128 കോടി ബജറ്റ് ഗ്രാന്‍റിലൂടെ കണ്ടെത്തണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. വരുമാനം കണക്കാക്കിയതിലുമുണ്ട് ഏറെ കള്ളക്കളി. വരുമാനം കിട്ടാവുന്ന മേഖലയായി കാട്ടുന്നത് മൂന്നെണ്ണം മാത്രം. ടിക്കറ്റ്, സംപ്രേക്ഷണം, മീഡിയ എന്നിവ മാത്രം. എന്നാൽ ഇതിനപ്പുറം കോടികളുടെ വരുമാനം കിട്ടുന്ന മറ്റ് മേഖലകള്‍ തന്ത്രപൂര്‍വം ഡി പി ആറിൽ നിന്ന് ഒഴിവാക്കിയതും കള്ളക്കളി വെളിച്ചത്ത് കൊണ്ടുവരുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ്, മെര്‍ക്കാൻഡൈസിംഗ്, സെല്‍ഫിയെടുക്കൽ, ഗെറ്റ് ടു ഗെദര്‍, ടേബിള്‍ ഡിന്നര്‍, ഹോസ്പിറ്റാലിറ്റി വഴിയുള്ള വരുമാനങ്ങളൊന്നും ഡി പി ആറിൽ ഇല്ലെന്നത് അമ്പരപ്പിക്കുന്നതാണ്. കൊല്‍ക്കത്തയിൽ സെല്‍ഫി എടുക്കാൻ മാത്രമായി ലക്ഷങ്ങളാണ് സംഘാടകര്‍ വാങ്ങിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജക്കാര്‍ത്ത, സൗദി അറേബ്യ, ഇന്ത്യയിലെ മറ്റ് നഗരങ്ങൾ എന്നിവിടങ്ങളില്‍ മെസി കളിച്ച മത്സരങ്ങളിലെ സാമ്പത്തിക റിപ്പോർട്ടുകളും പഠനവിധേയമാക്കിയിരുന്നു.
ഇതുമായി താരതമ്യം ചെയ്ത് മെസിയുടെ കേരള സന്ദര്‍ശനത്തിലൂടെ 200 കോടി രൂപയെങ്കിലും ലാഭം ഉണ്ടാക്കാനാവുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒട്ടേറെ മറ്റ് ഇളവുകളും സര്‍ക്കാര്‍, സ്പോണ്‍സർക്കായി നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പെര്‍ഫോറമൻസ് ഗ്യാരൻറി, ലൈസൻസ് ഫീ, പെര്‍ഫോറമൻസ് സെക്യൂരിറ്റി എന്നിവ ഒഴിവാക്കി. ഇതിലൂടെയും സ്പോണ്‍സര്‍ക്ക് അമിതലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഐ ജി സതീഷ് ബിനോ, കായിക വകുപ്പ് സെക്രട്ടറി എൻ പ്രശാന്തിനെ നേരിൽ കണ്ട് വിശദാംശങ്ങള്‍ ശേഖരിച്ചു. സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.



