ലൈഗർ സിനിമയ്ക്കായി നടത്തിയ കഠിനമായ ശരീരമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിജയ് ദേവരകൊണ്ട. കഥാപാത്രത്തിനായി ശരീരത്തെ ഫിറ്റർ ആക്കുന്നതിനിടെ ആരോഗ്യത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ വെള്ളം പോലും നിയന്ത്രിച്ചിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.
2022ൽ പുറത്തിറങ്ങിയ ലൈഗർ ചിത്രത്തിൽ മിക്സഡ് മാർഷൽ ആർട്സ് താരമായാണ് വിജയ് അഭിനയിച്ചത്. ചിത്രത്തിനായി താരം നടത്തിയ മേക്കോവർ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആ ശരീരഘടന സ്വന്തമാക്കുന്നതിനായി കടുത്ത ഭക്ഷണക്രമവും പരിശീലനവും പിന്തുടർന്നതായി വിജയ് പറഞ്ഞു
സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് വിജയ് തന്റെ അനുഭവം പങ്കുവെച്ചത്. തുടക്കത്തിൽ ദിവസവും നാല് മുതൽ ആറ് ലിറ്റർ വരെ വെള്ളം കുടിച്ചിരുന്നുവെന്നും പിന്നീട് അത് ക്രമേണ കുറച്ച് 300, 200, 100 മില്ലിലിറ്റർ വരെ എത്തിച്ചെന്നും താരം പറഞ്ഞു. ഷൂട്ടിന് ഏകദേശം 10 മണിക്കൂർ മുമ്പ് വെള്ളം പൂർണമായും ഒഴിവാക്കിയിരുന്നുവെന്നും ദാഹം തോന്നുമ്പോൾ ഐസ് ക്യൂബ് നക്കിയാണ് ആശ്വാസം കണ്ടെത്തിയിരുന്നതെന്നും വിജയ് പറഞ്ഞു.
ഇത്തരം രീതിയിലുള്ള ശരീരമാറ്റം ആരോഗ്യകരമല്ലെന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നതായും വിജയ് വ്യക്തമാക്കി. വെള്ളം കുടിക്കാനാകാതെ വന്നപ്പോൾ ഓരോ നിമിഷവും വെള്ളത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും ഉറക്കത്തിൽ പോലും വെള്ളം കുടിക്കുന്നതായി സ്വപ്നം കണ്ടിരുന്നുവെന്നും താരം പറഞ്ഞു.
നാല് മണിക്കൂർ നീണ്ട ഷൂട്ടിനിടെ വെള്ളം കുടിക്കാതെ പിടിച്ചുനിന്ന ശേഷം ഷൂട്ട് പൂർത്തിയായപ്പോൾ നാല് ലിറ്റർ തണുത്ത തേങ്ങാവെള്ളം ആവശ്യപ്പെട്ടതായും വിജയ് വെളിപ്പെടുത്തി. ഭക്ഷണത്തേക്കാൾ വെള്ളം കുടിക്കാനായിരുന്നു അന്ന് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
ലൈഗർ വലിയ പ്രതീക്ഷകളോടെയാണ് എത്തിയതെങ്കിലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. സിനിമയ്ക്കായി താൻ വളരെയധികം പരിശ്രമിച്ചിരുന്നതിനാൽ ചിത്രം പരാജയപ്പെട്ടപ്പോൾ അത് ഏറെ വേദനിപ്പിച്ചെന്നും വിജയ് പറഞ്ഞു.
വിജയ് ഇപ്പോൾ പുതിയ ചിത്രമായ രണബാലിക്കായി മറ്റൊരു ശാരീരിക മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ലൈഗർ കാലത്തെ പോലെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലുള്ള തയ്യാറെടുപ്പ് ഇത്തവണ നടത്തിയിട്ടില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.



