അക്കൗണ്ടിങ് മേഖലയിലും കൃത്രിമ ബുദ്ധിയുടെ സ്വാധീനം അതിവേഗം വർധിക്കുന്നതായി പുതിയ പഠനം. എഐ റിക്രൂട്ടിങ് കമ്പനിയായ മെർക്കോർ നടത്തിയ പരീക്ഷണത്തിലാണ് ചില അക്കൗണ്ടിങ് ജോലികളിൽ എഐ മോഡലുകൾ മനുഷ്യ അക്കൗണ്ടന്റുമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതായി കണ്ടെത്തിയത്.
12 പരിചയസമ്പന്നരായ അക്കൗണ്ടന്റുമാരെയും വിവിധ എഐ മോഡലുകളെയും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. യഥാർഥ കമ്പനികളുടെ രേഖകളെ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിങ് ജോലികളാണ് പരീക്ഷണത്തിനായി നൽകിയത്. ആവശ്യമായ വിവരങ്ങൾ കണ്ടെത്തുക, കണക്കുകൾ പരിശോധിക്കുക, കണക്കുകൂട്ടലുകൾ നടത്തുക, ഫലങ്ങൾ പട്ടികപ്പെടുത്തുക തുടങ്ങിയ ജോലികളായിരുന്നു പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.
പഠനത്തിൽ പങ്കെടുത്ത മനുഷ്യ അക്കൗണ്ടന്റുമാരുടെ ശരാശരി കൃത്യത 37 ശതമാനമായിരുന്നപ്പോൾ, ക്ലോഡ് ഒപ്പസ് 5 നടത്തിയ 20 ശ്രമങ്ങളിലും 100 ശതമാനം കൃത്യത രേഖപ്പെടുത്തിയെന്നാണ് ഗവേഷകരുടെ അവകാശവാദം. മനുഷ്യർക്ക് ഒരു ജോലി പൂർത്തിയാക്കാൻ 30 മുതൽ 180 മിനിറ്റ് വരെ വേണ്ടിവന്നപ്പോൾ, എഐ മോഡൽ ഓരോ ജോലിയും 10 മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കിയതായും പഠനം പറയുന്നു.
ചെലവിന്റെ കാര്യത്തിലും വലിയ വ്യത്യാസമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഒരു അക്കൗണ്ടിങ് മാനദണ്ഡം പൂർത്തിയാക്കാൻ മനുഷ്യ അക്കൗണ്ടന്റിന് ശരാശരി 10.35 ഡോളർ ചെലവാകുമ്പോൾ, ക്ലോഡ് ഒപ്പസ് 5ന് ഏകദേശം 0.21 ഡോളർ മാത്രമാണ് ചെലവാകുന്നതെന്നാണ് കണക്ക്.
എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ടന്റുമാരുടെ മുഴുവൻ ജോലിയും എഐ ഏറ്റെടുക്കുമെന്ന് പറയാനാകില്ലെന്ന് ഗവേഷകർ തന്നെ വ്യക്തമാക്കുന്നു. ക്ലയന്റുകളുമായി ആശയവിനിമയം നടത്തുക, ശരിയായ ചോദ്യങ്ങൾ ചോദിക്കുക, സങ്കീർണമായ സാഹചര്യങ്ങളിൽ തീരുമാനമെടുക്കുക, സഹപ്രവർത്തകരുമായി ഏകോപിച്ച് പ്രവർത്തിക്കുക തുടങ്ങിയ മനുഷ്യ ഇടപെടലുകൾ പഠനത്തിൽ പരീക്ഷിച്ചിട്ടില്ല.
അതുകൊണ്ട് അക്കൗണ്ടന്റുമാരെ പൂർണമായും മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ, ആവർത്തന സ്വഭാവമുള്ളതും ഘടനാപരവുമായ ജോലികളിൽ എഐ ഒരു സഹായിയായി മാറാനുള്ള സാധ്യതയാണ് പഠനം പ്രധാനമായും സൂചിപ്പിക്കുന്നത്. എഐയുടെ കഴിവുകൾ വേഗത്തിൽ മെച്ചപ്പെടുന്ന സാഹചര്യത്തിൽ, ഭാവിയിലെ അക്കൗണ്ടിങ് ജോലികളിൽ സാങ്കേതിക പരിജ്ഞാനത്തിനും മനുഷ്യരുടെ തീരുമാനശേഷിക്കും ഒരുപോലെ പ്രാധാന്യം ലഭിക്കാനാണ് സാധ്യത.



