തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ അറ്റൻഡൻസ് രജിസ്റ്ററിലും പ്രധാനപ്പെട്ട കൗൺസിൽ രേഖകളിലും ഗുരുതര കൃത്രിമം നടന്നെന്ന ആരോപണവുമായി എൽഡിഎഫ് കൗൺസിലർ എസ് പി ദീപക് രംഗത്ത്. കാപ്പാ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന് നിയമവിരുദ്ധമായി അവധി നൽകാനാണ് ഈ വ്യാജരേഖ ചമയ്ക്കൽ നടന്നതെന്നും മേയർ വി വി രാജേഷിന് ഇതിൽ പങ്കുണ്ടെന്നും ദീപക്ക് പറഞ്ഞു. ഏപ്രിലിൽ നടന്ന കൗൺസിലിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് മേയർ ആദ്യം സമ്മതിച്ചിരുന്നെങ്കിലും, ഒപ്പ് പരിശോധിക്കാൻ അന്നത്തെ കൗൺസിൽ യോഗത്തിൽ അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് അടുത്ത കൗൺസിലിൽ അറ്റൻഡൻസ് ബുക്ക് തന്നെ മാറ്റിയെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച ഒപ്പും അറ്റൻഡൻസ് ബുക്കിലെ ഒപ്പും പരിശോധിച്ചപ്പോൾ കൃത്രിമം വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു. സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നതിന് തെളിവായി സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൗൺസിൽ ഹാളിൽ സി സി ടി വി ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ദീപക് വ്യക്തമാക്കി. കൗൺസിലിന്റെ കസ്റ്റോഡിയൻ എന്ന നിലയിൽ ഇത്തരം നിയമവിരുദ്ധമായ നടപടികളിൽ മേയർക്കും പങ്കുണ്ട്. വിഷയത്തിൽ സർക്കാർ ഉടൻ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും, അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യു ഡി എഫ് സർക്കാരും ഇതുവരെ ഈ വിഷയത്തിൽ അന്വേഷണത്തിന് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി കൗൺസിലർ ശ്രീരേഖയുടെ രാജി തികഞ്ഞ നാടകമാണെന്നും എസ് പി ദീപക് വിമർശിച്ചു. മേയറാക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം തീരുമാനം മാറ്റിയതിൽ ശ്രീരേഖയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു. ആർ എസ് എസ് തീരുമാനത്തിന് മുന്നിൽ പാർട്ടി അധ്യക്ഷൻ പോലും നോക്കിനിൽക്കേണ്ടി വന്ന അവസ്ഥയിലാണ് കാര്യങ്ങൾ. നഗരസഭാ ഭരണം അബദ്ധമാണെന്ന് ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞെന്നും, വട്ടിയൂർക്കാവിൽ തോൽപ്പിച്ചു എന്ന ആക്ഷേപം വരെ ഉന്നയിച്ച് ശ്രീരേഖയ്ക്ക് ഇതെല്ലാം മടുത്തിരിക്കുകയാണെന്നും ദീപക് കൂട്ടിച്ചേർത്തു.



