മലയാള സിനിമയുടെ വളരുന്ന ആഗോള സ്വാധീനം വീണ്ടും തെളിയിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’.നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, ഈ വർഷം പുറത്തിറങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ വിദേശ മാർക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്.ഓഗസ്റ്റ് 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ ഇതിനകം 330 കോടിക്ക് മുകളിലാണ്. ഇതിൽ ഏകദേശം 138 കോടി രൂപ വിദേശ മാർക്കറ്റുകളിൽ നിന്നാണ് ലഭിച്ചത്.
നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, യുകെ, അയർലൻഡ്, ഓഷ്യാനിയ തുടങ്ങിയ പ്രധാന വിദേശ മാർക്കറ്റുകളിലെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നേട്ടത്തിന് പിന്നിൽ.വിദേശ കളക്ഷനിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു മലയാള ചിത്രമായ ‘ദൃശ്യം 3’ ആണ്. ഏകദേശം 111.70 കോടി രൂപയാണ് ചിത്രം വിദേശത്ത് നിന്ന് നേടിയത്.വിജയ് നായകനായ ‘ജനനായകൻ’ 93.50 കോടിയുമായി മൂന്നാം സ്ഥാനത്തും, ‘വാഴ 2’ 85.55 കോടിയുമായി നാലാം സ്ഥാനത്തുമുണ്ട്. സൂര്യയുടെ ‘കറുപ്പ്’ 81.15 കോടി രൂപയുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
അതായത്, ഈ വർഷത്തെ വിദേശ കളക്ഷനിൽ മുന്നിലെത്തിയ അഞ്ച് തെന്നിന്ത്യൻ ചിത്രങ്ങളിൽ മൂന്ന് ചിത്രങ്ങളും മലയാളത്തിൽ നിന്നുള്ളവയാണ്.ഇന്ത്യൻ ബോക്സ് ഓഫീസിലും മികച്ച പ്രകടനം തുടരുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’, നിവിൻ പോളി, മമിത ബൈജു, സംവിധായകൻ ഗിരീഷ് എ ഡി എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ്.



